ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി പ്രമോഷന്‍; എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്; അതിന് ഞാന്‍ തയ്യാറായി നില്‍ക്കുകയാണ്; മകളുടെ പിറന്നാളിന് വൈകാരികമായ കുറിപ്പുമായി ആര്യ
അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് ആര്യ. സിനിമയിലും സീരിയലുകളിലും താരം സജീവവുമാണ്. മകളുടെ ജന്‍മദിനത്തില്‍ ആര്യ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആര്യയുടെ മകള്‍ ഖുഷിയുടെ പതിമൂന്നാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം.
'എന്റെ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ഫെബ്രുവരി 18... എന്റെ കുഞ്ഞ് 13-ാം വയസിലേക്ക് കടന്നപ്പോള്‍ എനിക്ക് ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി പ്രമോഷന്‍ കിട്ടി. ഇപ്പോള്‍ എന്റെയുള്ളില്‍ ഒരുപാട് വികാരങ്ങള്‍ നിറയുകയാണ്. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടുള്ള 13 വര്‍ഷത്തെ എന്റെ യാത്രയ്ക്കൊപ്പം, കാഞ്ചീവരം ഡോട്ട് ഇന്‍ എന്ന എന്റെ രണ്ടാമത്തെ കുട്ടിയുടെ കൊച്ചി എഡിഷന് രണ്ട് വര്‍ഷവും തികയുന്നു.
ഈ യാത്രയില്‍ എന്റെ മനസ് നിറച്ച ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലുടനീളം അത്ഭുതകരമായ ചില ആളുകളെ എനിക്ക് സമ്മാനിച്ചതിന് ജീവിതത്തോട് നന്ദിയുണ്ട്. എന്റെ മകള്‍ക്ക് ഞാന്‍ നല്ല ഒരു അമ്മയോ, എന്റെ സംരംഭത്തിന് ഞാന്‍ നല്ല ഒരു ഉടമയോ ആയിരിക്കില്ല. പക്ഷേ എന്റെ ജീവിതത്തിലേക്ക് വന്ന ആളുകള്‍ എന്റെ പോരായ്മകള്‍ അംഗീകരിക്കുകയും, ഉയരങ്ങളിലേക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കി എന്നെ പ്രേരിപ്പിച്ച് എനിക്കൊപ്പം പാറപോലെ ഉറച്ചുനില്‍ക്കുകയും ചെയ്തു.
സംരംഭക എന്ന നിലയിലുള്ള എന്റെ പുതിയ തുടക്കവും, മാതൃത്വത്തിലെ പുതിയ യാത്രയുടെ തുടക്കവുമാണ് ഇന്ന് (ടീനേജ് പെണ്‍കുട്ടിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ല എന്ന് അറിയാമല്ലോ). ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തില്‍ എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത് അതിന് ഞാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്റെ കുഞ്ഞിന് നല്ലൊരു ടീനേജ് കാലം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. രണ്ടാമത്തെ കുട്ടിയായ കാഞ്ചീവരത്തിനും ആശംസകള്‍. ഈ ദിവസത്തിന് എന്നന്നേക്കും നന്ദി' എന്നാണ് കുറിപ്പില്‍ പറയുന്നത്.
അതേസമയം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'മച്ചാന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കു ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ് ആര്യ. സൗബിനും നമിത പ്രമോദുമാണ് ചിത്രത്തില്‍ നായകനും നായികയും.