ആ പോസ്റ്റില്‍ എവിടെയും ആ കുട്ടിയുടെ പെരുമാറ്റത്തെ പിന്തുണച്ചിട്ടില്ല; ആ കുട്ടിയെ എന്നോട് കൊണ്ടുപോയി വളര്‍ത്താനാണ് ചിലര്‍ പറഞ്ഞത്; ഞാന്‍ ഇപ്പോള്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നുണ്ട്; അവരെ നന്നായി വളര്‍ത്തിയാല്‍ പോരെ: അശ്വതി ശ്രീകാന്ത്
മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കൊലവിളലി നടത്തുന്ന വീഡിയോ പ്രചരിച്ച സംഭവത്തില്‍, പ്രതികരിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് രംഗത്തെത്തിയിരുന്നു. കുട്ടിയെ അടിച്ച് ശരിയാക്കണം എന്നതടക്കമുള്ള ആഹ്വാനങ്ങളോട് ആയിരുന്നു അശ്വതിയുടെ പ്രതികരണം.
രോഗം അറിയാതെ, ലക്ഷണത്തിന് മരുന്നു കൊടുക്കുന്നതു പോലെയാണ് പലപ്പോഴും അടി. അടി കിട്ടിയ എത്ര പേരാണ് നല്ലതായിട്ടുള്ളത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു അശ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ തന്റെ കുറിപ്പ് പലരും തെറ്റായി വ്യഖ്യാനിച്ചെന്നും രൂക്ഷമായി വിമര്‍ശിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അശ്വതി. കുട്ടിയെ കൊണ്ടുപോയി വളര്‍ത്ത് എന്നതടക്കമുള്ള കമന്റുകള്‍ക്കാണ് നടി മറുപടി കൊടുത്തിരിക്കുന്നത്.
ആ പോസ്റ്റില്‍ എവിടെയും ആ കുട്ടിയുടെ പെരുമാറ്റത്തെ പിന്തുണച്ചിട്ടില്ല. കുട്ടിയുടെ പെരുമാറ്റത്തിന് ഒരു മൂലകാരണമുണ്ടാകും. അതിനെ അഡ്രസ് ചെയ്യാതെ എന്തൊക്കെ ചെയ്താലും ശരിയാകില്ല. ഇതുപോലുള്ള എല്ലാ കേസുകളിലും എന്താണ് ആ മൂലകാരണം എന്ന് അറിയണം. അത് കൂട്ടുകെട്ടുകളാണോ, എന്തെങ്കിലും തരത്തിലുള്ള അബ്യൂസോ സബ്സ്റ്റന്‍സിന്റെ ഉപയോഗമാണോ, ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കണം.''
''അതിന് മാതാപിതാക്കളുടേയും അധ്യാപകരുടേയും പങ്കാളിത്തം വേണം. ആ കുട്ടിയെ എന്നോട് കൊണ്ടുപോയി വളര്‍ത്താനാണ് ചിലര്‍ പറഞ്ഞത്. ഞാന്‍ ഇപ്പോള്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നുണ്ട്. അവരെ നന്നായി വളര്‍ത്തിയാല്‍ പോരേ. കുറച്ചുകൂടെ ശ്രദ്ധ വേണം, സമൂഹം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ വീട്ടില്‍ കൊണ്ടു പോയി വളര്‍ത്തിക്കൊള്ളാം എന്നല്ല.''
''പരസ്യമായി വധ ഭീക്ഷണി മുഴക്കിയാലും പിന്തുണയുണ്ടെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ഒരിക്കലുമല്ല. ആ കുട്ടിയുടെ പെരുമാറ്റത്തെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. പക്ഷെ അത് കറക്ട് ചെയ്യുമ്പോള്‍ ആ വ്യക്തിയെ തള്ളിക്കൊണ്ടല്ല കറക്ഷന്‍ നടത്തേണ്ടത്'' എന്നാണ് അശ്വതി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.