'ആ നൃത്തം ചെയ്തത് ആർത്തവ വേദന കടിച്ചുപിടിച്ച്'; അസ്ഥികള്‍ വരെ വേദനിച്ചു; ഷൂട്ടിംഗിന് ശേഷം നിയന്ത്രണം വിട്ട് കരഞ്ഞു; 'ധുരന്ധറി'ലെ ഗ്ലാമർ പ്രകടനത്തിന് പിന്നിലെ കഥ തുറന്ന് പറഞ്ഞ് അയേഷ ഖാൻ
മുംബൈ: ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം 'ധുരന്ധറി'ലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'ശരാരത്ത്' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ താൻ അനുഭവിച്ച കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് വെളിപ്പെടുത്തി നടി അയേഷ ഖാൻ. ആർത്തവ ദിനങ്ങളിലെ അസഹനീയമായ വേദനയും അവശതയും അവഗണിച്ചാണ് ചിത്രത്തിലെ ഊർജ്ജസ്വലമായ നൃത്തച്ചുവടുകൾ പൂർത്തിയാക്കിയതെന്ന് താരം പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അയേഷ തന്റെ അനുഭവം പങ്കുവെച്ചത്.
ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും താരത്തിന്റെ സമർപ്പണത്തിന് വ്യാപകമായ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തിരിക്കുകയാണ്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അയേഷ ഖാൻ തന്റെ അനുഭവം പങ്കുവെച്ചത്. കഠിനമായ നൃത്തച്ചുവടുകൾ ആവശ്യമായിരുന്ന 'ശരാരത്ത്' എന്ന ഗാനത്തിലെ രംഗങ്ങൾ ചിത്രീകരിക്കാൻ രണ്ട് ദിവസത്തെ ഷൂട്ടാണ് ഉണ്ടായിരുന്നത്. നൃത്തത്തിൽ അയേഷ ഖാനും ക്രിസ്റ്റൽ ഡിസൂസയും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
''രണ്ട് ദിവസത്തെ ചിത്രീകരണം അതികഠിനമായിരുന്നു. ആർത്തവ ദിനങ്ങളായതുകൊണ്ട് ഞാൻ ശാരീരികമായി അത്ര മികച്ച അവസ്ഥയിലായിരുന്നില്ല. ശരീരം വീർത്തിരുന്നത് കാരണം ആഗ്രഹിച്ചത്രയും ഭംഗിയിൽ കാര്യങ്ങൾ ചെയ്യാനായില്ല. കഠിനമായ നൃത്തച്ചുവടുകൾ കാരണം എല്ലുകൾ പോലും വേദനിക്കാനും തുടങ്ങി,'' അയേഷ ഖാൻ പറഞ്ഞു. ''ആർത്തവ നാളുകളായതിനാൽ എന്റെ വികാരങ്ങൾ നിയന്ത്രണത്തിലായിരുന്നില്ല. ഷൂട്ടിന്റെ അവസാനം ആനന്ദാശ്രുക്കളോടെ ഞാൻ പൊട്ടിക്കരഞ്ഞു. സെറ്റിൽ എന്താണ് സംഭവിക്കുന്നതെന്നോ ആരൊക്കെ ഉണ്ടായിരുന്നുവെന്നോ പോലും ശ്രദ്ധിക്കാൻ സമയമുണ്ടായിരുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ തന്നെ വിവാഹ രംഗങ്ങളും ചിത്രീകരിക്കേണ്ടിയിരുന്നു,'' താരം കൂട്ടിച്ചേർത്തു.
രണ്‍വീര്‍ സിങ് നായകനായ 'ധുരന്ധര്‍' ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും പിന്നീട് ഒടിടി റിലീസിലും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ മേക്കിംഗും താരങ്ങളുടെ പ്രകടനവും സംഗീതവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അയേഷ ഖാന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയ താരത്തെ അഭിനന്ദനങ്ങളുമായി നിറഞ്ഞു. വേദനയിലും ഇത്രയും ഊർജ്ജസ്വലമായി നൃത്തം ചെയ്തതിന് ആരാധകർ അയേഷയുടെ സമർപ്പണത്തെ സല്യൂട്ട് ചെയ്യുകയാണ്. 'ശരാരത്ത്' ഗാനത്തിന് സംഗീതം നൽകിയത് ശാശ്വത് സച്ച്‌ദേവാണ്. മധുബന്ധി ബാഗ്ചിയും ജാസ്മിൻ സൻഡ്‌ലാസും ചേർന്നാണ് ഗാനം ആലപിച്ചത്.
