'ശ്വേതാ മേനോനെതിരായ കേസിൽ പങ്കുണ്ടെന്ന് തെളിയിച്ചാൽ അഭിനയം നിർത്തും'; അമ്മയുടെ പുതിയ ഭരണസമിതി സത്യം പുറത്ത് കൊണ്ട് വരുമെന്ന് നടൻ ബാബുരാജ്
കൊച്ചി: നടി ശ്വേതാ മേനോനെതിരായ കേസിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാൽ താൻ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ്. കേസിന് പിന്നിൽ പ്രവർത്തിച്ചവരെയും തനിക്കെതിരെ ആരോപണങ്ങൾ പ്രചരിപ്പിച്ചവരെയും താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭരണസമിതി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അമ്മ' തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അമ്മ' ഭരണസമിതിയിലേക്ക് താൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നതെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. ഒരു വർഷത്തോളം സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റിയിൽ പ്രവർത്തിച്ചപ്പോൾ ഉണ്ടാകാത്ത ആരോപണങ്ങളാണിത്. ഇത്രയധികം ആരോപണങ്ങൾ കേട്ടുകൊണ്ട് മത്സരരംഗത്ത് തുടരാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
'ശ്വേത എന്റെ അടുത്ത സുഹൃത്താണ്. എന്നെക്കുറിച്ച് പറഞ്ഞാൽ ആളുകൾ വിശ്വസിക്കുമെന്ന ധാരണയിലാണ് ചിലർ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. പുതിയ ഭരണസമിതി ഈ വിഷയത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം,' ബാബുരാജ് പറഞ്ഞു. സംഘടനയ്ക്കുള്ളിൽ നടന്ന ചില 'വിഴുപ്പലക്കലുകളെ'ക്കുറിച്ച് ഇപ്പോൾ പരസ്യമായി പ്രതികരിക്കാനില്ലെന്നും അക്കാര്യങ്ങൾ ജനറൽ ബോഡിയിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.