മുലപ്പാല്‍ ദാനം ചെയ്താൽ നിങ്ങളൊരു 'ഹീറോ' ആകും; മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസമായി ജ്വാല ഗുട്ട; 30 ലിറ്റര്‍ മുലപ്പാൽ ദാനം ചെയ്ത് മാതൃക; വൈറലായി കുറിപ്പ്

Update: 2025-09-15 09:42 GMT

ചെന്നൈ: പ്രമുഖ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട 30 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് മാതൃകയായി. തമിഴ് നടനും നിർമ്മാതാവുമായ വിഷ്ണു വിശാലിന്റെ ഭാര്യ കൂടിയായ ജ്വാല ഒരു സർക്കാർ ആശുപത്രിയിലെ മുലപ്പാൽ ദാന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ ഉദാരമായ പ്രവർത്തനം നടത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ജനിച്ച കുഞ്ഞിന്റെ മുലപ്പാലാണ് ഇവർ ദാനം ചെയ്യുന്നത്.

കഴിഞ്ഞ നാല് മാസമായി ജ്വാല മുലപ്പാൽ സ്ഥിരമായി ദാനം ചെയ്യുന്നുണ്ട്. അമ്മമാരില്ലാത്ത കുഞ്ഞുങ്ങൾക്കും, ആശുപത്രികളിൽ കഴിയുന്ന, മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങൾക്കും സഹായമെത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ദാനം ചെയ്യുന്ന മുലപ്പാൽ ഈ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും സഹായിക്കുമെന്ന് ജ്വാല ഗുട്ട സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചു.

"മുലപ്പാൽ ജീവൻ രക്ഷിക്കുന്നു. മാസം തികയാതെയും അസുഖബാധിതരായും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, ദാനം ചെയ്യുന്ന മുലപ്പാൽ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. നിങ്ങൾക്ക് ദാനം ചെയ്യാൻ കഴിയുമെങ്കിൽ, സഹായം ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങളൊരു ഹീറോ ആകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മിൽക്ക് ബാങ്കുകളെ പിന്തുണയ്ക്കുക," ജ്വാല കുറിച്ചു.

Tags:    

Similar News