'ദുല്‍ഖറിനെ തല്ലാന്‍ ഞാന്‍ നന്നായി കഷ്ടപ്പെട്ടു; പക്ഷേ ശരിക്കും അടി കിട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു; കാന്ത സിനിമയിലെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് നടി ഭാഗ്യശ്രീ
'ദുല്‍ഖറിനെ തല്ലാന്‍ ഞാന്‍ നന്നായി കഷ്ടപ്പെട്ടു
ചെന്നൈ: ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കാന്ത മികച്ച അഭിപ്രായങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയില്‍ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് ദുല്‍ഖര്‍ കാഴ്ച്ചവെച്ചത് എന്നാണ് പൊതുവികാരം. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാഗ്യശ്രീ ബോര്‍സെയാണ് നായികയായെത്തിയത്. ടി കെ മഹാദേവന്‍ എന്ന കഥാപാത്രമായി ദുല്‍ഖറെത്തിയപ്പോള്‍ കുമാരിയായാണ് ഭാഗ്യശ്രീ ചിത്രത്തിലെത്തിയത്.
കാന്തയില്‍ ദുല്‍ഖറിന്റെ മുഖത്ത് ഒന്നിലധികം തവണ ഭാഗ്യശ്രീ അടിക്കുന്ന സീനുണ്ട്. ഈ സീന്‍ ചെയ്യാന്‍ താനൊരുപാട് പാടുപെട്ടുവെന്ന് പറയുകയാണ് ഭാഗ്യശ്രീ ഇപ്പോള്‍. എന്നാല്‍ ആ സീനിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയും യഥാര്‍ഥ ഭാവങ്ങള്‍ വരാനായും അടി ദുല്‍ഖര്‍ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു.
'അത് ചെയ്യാന്‍ എനിക്ക് ഒരുപാട് സമയമെടുത്തു. ആ സീന്‍ ഫേക്കായി ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. കാരണം എനിക്ക് ഇതുവരെ ആരെയും തല്ലേണ്ടി വന്നിട്ടില്ല. പക്ഷേ ദുല്‍ഖര്‍ സല്‍മാന്‍ അത് ശരിക്കും ആഗ്രഹിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. ആ യഥാര്‍ഥ ഭാവം തന്നില്‍ നിന്ന് പുറത്തുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനാല്‍ സഹനടന്‍ ആഗ്രഹിക്കുന്നത് പോലെ ഞാന്‍ ചെയ്യേണ്ടിവന്നു,' ഭാഗ്യശ്രീ ബോര്‍സെ പറഞ്ഞു.
അതേസമയം, സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്.