താന്‍ 'അമ്മ'യിലെ അംഗമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല; സാഹചര്യം വരുമ്പോള്‍ അതേക്കുറിച്ച് സംസാരിക്കാമെന്ന് ഭാവന
താന്‍ 'അമ്മ'യിലെ അംഗമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല
കൊച്ചി: താന്‍ 'അമ്മ'യിലെ അംഗമല്ലെന്നും തെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയില്ലെന്നും നടി ഭാവന. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ച അംഗമാണ് ഭാവന. കഴിഞ്ഞ ദിവസമാണ് അമ്മയിലെ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടന്നത്. നടി ശ്വേത മേനോനാണ് പുതിയ പ്രസിഡന്റ്. അതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു ഭാവനയുടെ പ്രതികരണം.
താന്‍ ഇപ്പോള്‍ അമ്മയിലെ അംഗമല്ല. പുതിയ ഭാരവാഹികള്‍ നേതൃത്വത്തിലേക്ക് വന്നതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോല്‍ അതേക്കുറിച്ച് സംസാരിക്കാം എന്നാണ് ഭാവനയുടെ പ്രതികരണം. നേരത്തെ അമ്മയില്‍ നിന്നും രാജിവച്ചു പോയ അംഗങ്ങള്‍ തിരികെ വരണമെന്ന് ശ്വേത മേനോന്‍ പറഞ്ഞിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ രാജിവച്ചു പോയവരെ തിരികെ കൊണ്ടു വരാന്‍ താന്‍ മുന്‍കൈ എടുക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളേയും അമ്മ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ശ്വേത പറഞ്ഞിരുന്നു.
ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് അമ്മയുടെ തലപ്പത്ത് വനിതയെത്തുന്നത്. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍.