ആ ഒരു സംഭവത്തിന് ശേഷം ഞാൻ മറ്റൊരു അവസ്ഥയിലേക്ക് മാറി; ആരെ കണ്ടാലും മടിപ്പ്; സംസാരിക്കാൻ പോലും ഇഷ്ടമില്ലായിരുന്നു; തുറന്നുപറഞ്ഞ് ബിൻസി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മുൻ മത്സരാർത്ഥിയായിരുന്ന ആർ.ജെ. ബിൻസിക്ക് യൂട്യൂബിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടി ശ്രദ്ധേയമായ നേട്ടം. സൈബർ ആക്രമണങ്ങളെയും മാനസിക പ്രയാസങ്ങളെയും അതിജീവിച്ചാണ് ബിൻസി ഈ നേട്ടത്തിലെത്തിയത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ സന്തോഷവും താൻ കടന്നുപോയ അനുഭവങ്ങളും ബിൻസി ആരാധകരുമായി പങ്കുവെച്ചത്.
ബിഗ് ബോസ് വീട്ടിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ പുറത്തായതിനെ തുടർന്ന് ബിൻസിക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെ ഒരു മാസത്തോളം താൻ മാനസികമായി തളർന്ന് ആരോടും സംസാരിക്കാതെ ഒരവസ്ഥയിലായിരുന്നെന്ന് ബിൻസി വെളിപ്പെടുത്തി.
"ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നത്," ബിൻസി തന്റെ കുറിപ്പിൽ വ്യക്തമാക്കി. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരു മാസത്തോളം വിഷമിച്ചും കരഞ്ഞുമിരിക്കുകയായിരുന്നു താനെന്നും, തന്റെ അമ്മ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞതുപോലെയായിരുന്നു ആ അവസ്ഥയെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു വർഷം മുൻപ് യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നെങ്കിലും, ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷമുണ്ടായ മാനസിക പ്രയാസങ്ങളെ തുടർന്ന് അതിന്റെ പ്രവർത്തനങ്ങളിൽ ബിൻസിക്ക് സജീവമാകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, അഞ്ച് മാസം മുൻപ് വീട്ടുകാരുടെ പ്രോത്സാഹനത്തിൽ ബിൻസി വീണ്ടും ചാനലിൽ സജീവമായി വീഡിയോകൾ ചെയ്യാൻ തുടങ്ങി.
"പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിൽ അവസാന ശ്രമം എന്ന നിലയ്ക്കാണ് ഞാൻ വീഡിയോകൾ ചെയ്യാൻ തുടങ്ങിയതെന്നും, മാനസികമായി ഒട്ടും സുഖമില്ലാത്തപ്പോഴും കഷ്ടപ്പെട്ട് വോയിസ് ഓവറുകൾ നൽകി ഷോർട്ട് വീഡിയോകൾ പോസ്റ്റ് ചെയ്തുവെന്നും" ബിൻസി പറയുന്നു. തന്റെ ശബ്ദം മികച്ചതാണെന്ന് പലരും ആദ്യമായി പ്രശംസിച്ചപ്പോൾ അത് ഓരോ വീഡിയോ ചെയ്യാനുമുള്ള പ്രചോദനമായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു.