'സ്റ്റുഡിയോ അല്ലാതെ മറ്റൊരു മാർഗ്ഗമില്ല, വിജയ്‌യുടെ താരപദവി നേരിട്ടറിഞ്ഞു'; അനുഭവം പങ്കുവെച്ച് ബോബി ഡിയോൾ

Update: 2025-08-10 11:28 GMT

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനായെത്തുന്ന അവസാന ചിത്രമാണ് 'ജന നായകൻ'. ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം ബോബി ഡിയോൾ, വിജയ്‌യോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്.

വിജയ്‌യുടെ താരപദവി നേരിട്ട് ബോധ്യപ്പെട്ടതായാണ് ബോബി ഡിയോൾ പറയുന്നത്. 'സിനിമയുടെ ചിത്രീകരണം എവിടെയാണ് നടക്കുന്നത് എന്ന് ഞാൻ അണിയറപ്രവർത്തകരോട് ചോദിച്ചപ്പോൾ, സ്റ്റുഡിയോ അല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്നായിരുന്നു അവരുടെ പ്രതികരണം'. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വിജയ് കാണാനായി നിരവധി ആരാധകർ എത്തും. അത് ചിത്രീകരണത്തിന് തടസ്സം സൃഷ്ടിക്കുമെന്നും, അതിനാൽ പുറത്ത് ഷൂട്ടിംഗ് നടത്താൻ കഴിയില്ലെന്നും അവർ വ്യക്തമാക്കിയതായി ബോബി ഡിയോൾ കൂട്ടിച്ചേർത്തു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ചിത്രം പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ബോബി ഡിയോളിന് പുറമെ പൂജ ഹെഗ്‌ഡെ, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, മാമിത ബൈജു, നാരായൺ, പ്രിയാമണി എന്നിവരടങ്ങുന്ന ഒരു വിപുലമായ താരനിര തന്നെ ചിത്രത്തിലുണ്ട്. 'ലിയോ'യ്ക്ക് ശേഷം ഗൗതം മേനോനും, 'വാരിസു'വിന് ശേഷം പ്രകാശ് രാജും, 'ബീസ്റ്റി'ന് ശേഷം പൂജ ഹെഗ്‌ഡെയും വിജയ്‌യോടൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ജന നായക'നുണ്ട്. 'കങ്കുവ', 'ഹരി ഹര വീര മല്ലു' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബോബി ഡിയോൾ അഭിനയിക്കുന്ന നാലാമത്തെ ദക്ഷിണേന്ത്യൻ സിനിമയാണിത്.

Tags:    

Similar News