ഫുട്ബോളിന്റെ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് അകത്തേക്ക് വിളിച്ചു; പിന്നെ എന്തൊക്കെയോ സംഭവിച്ചു..കൃത്യമായി ഒന്നും ഓർമ്മയില്ല; ആ റൂമിന്റെ സ്മെൽ ഇന്നും എന്റെ മൂക്കിൽ ഉണ്ട്..!!; കുട്ടിക്കാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് നടൻ നിഹാൽ; അതൊരു 'ട്രോമ' തന്നെയാണെന്നും മറുപടി

Update: 2025-10-21 14:33 GMT

പൃഥ്വിരാജ് നായകനായ മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് നിഹാൽ പിള്ള. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭർത്താവു കൂടിയാണ് നിഹാൽ. ഇപ്പോഴിതാ, കുട്ടിക്കാലത്ത് താൻ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടൻ നിഹാൽ പിള്ള രംഗത്ത് വന്നിരിക്കുകയാണ്. എട്ടാം വയസിലും പിന്നീട് കൗമാരത്തിൽ കുവൈറ്റിൽ വച്ചും താൻ അതിക്രമത്തിനിരയായെന്നാണ് നിഹാൽ വെളിപ്പെടുത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നിഹാൽ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

നടന്റെ വാക്കുകൾ...

‘ഇത് ആരോടെങ്കിലും തുറന്ന് പറയുമെന്ന് കരുതിയതല്ല. രണ്ട്, മൂന്ന് തവണ ഈ സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ രണ്ടെണ്ണം വല്ലാത്തൊരു ട്രോമയാണ്. ഞാൻ താമസിച്ചിരുന്ന വീടിന് അടുത്തായി ഒരു ഷൂ ഷോപ്പിലെ സ്റ്റാഫ് താമസിക്കുന്ന വീടുണ്ടായിരുന്നു. അന്ന് എനിക്ക് എട്ടോ, ഒമ്പതോ വയസ് മാത്രമേ പ്രായമേയുള്ളൂ.

അവിടെ ജോലി ചെയ്യുന്ന ആളുകൾ താമസിക്കുന്ന ക്വാർട്ടേഴ്സ് പോലെയായിരുന്നു ഈ വീട്. അവിടെയായിരുന്നു കൂട്ടുകാരു കൂടി കളിക്കാൻ പോകുന്നത്. കടയിലെ ഒരാൾ ഞങ്ങളെ ഫുട്ബോളിന്റെ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് വിളിക്കുമായിരുന്നു. ഒരു ദിവസം കുറേ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് അകത്തേക്ക് വിളിച്ചു. ഞങ്ങൾ മൂന്നുപേ‍ർ ഉണ്ടായിരുന്നു. അകത്തേക്ക് കയറി വന്നാൽ ഇതിലും വലിയ സ്റ്റിക്കർ തരാമെന്ന് പറഞ്ഞു.

അയാൾ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചോ അതോ പിടിക്കാൻ ശ്രമിക്കുകയാണോ ചെയ്തതെന്ന് എനിക്ക് കൃത്യം ഓർമയില്ല. എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോർട്സ് ഊരുകയോ എന്തോ ചെയ്തു. അതിനുശേഷം ഞങ്ങളാരും അവിടേക്ക് പോയിട്ടില്ല. ആ സംഭവത്തിനുശേഷം ആ വീട്ടില്‍ ഭയങ്കര ബഹളമായിരുന്നു.

ഏതോ കുട്ടി വീട്ടിൽ പോയി പറഞ്ഞിട്ട് അവരുടെ മാതാപിതാക്കൾ വന്ന് ബഹളം വച്ചതാണ്. ആ റൂമിന്റെ സ്മെൽ ഇന്നും എനിക്ക് ഓർമയുണ്ട്. അതൊരു ട്രോമ തന്നെയാണ് ഇപ്പോഴും. പിന്നീട് ഞാൻ കുവൈറ്റിലേക്ക് പോയി. അവിടെ വച്ച് ഒരാൾ എന്റെ കഴുത്തിൽ പിടിച്ചു. അന്ന് ഞാൻ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ മറ്റോ ആണ് പഠിക്കുന്നത്.

പിന്നെ അയാൾ പതിയെ എന്റെ പാന്റിന് അടുത്തേക്ക് പോയി. അയാൾ എന്നേക്കാൾ വലിയ ശക്തനാണ്. ഉടനെ ഞാൻ അയാളുടെ ശ്രദ്ധ മാറ്റി, കൈ തട്ടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. മൂന്നാം തവണ പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ്. കാറിൽ ഒരു ഡ്രൈവ് പോകാമെന്നു പറഞ്ഞ് ഒരാൾ വിളിച്ചു. പക്ഷേ ആ പ്രായമായപ്പോഴേക്കും അതൊക്കെ എന്താണെന്ന് മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.

ഇതൊക്കെ ഒരു ട്രോമയായി എന്റെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒരുപാട് കുട്ടികൾ ഇപ്പോൾ ഇങ്ങനെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന വാർത്തകൾ കണ്ടപ്പോഴാണ് ഇതൊക്കെ തുറന്നു പറയണമെന്നു തോന്നിയത്.’’- നിഹാൽ വ്യക്തമാക്കി.

Tags:    

Similar News