മുരളിയെ ഓർത്ത് കരയുന്ന റസിയ; സഹപാഠിയെ മറക്കാനാകാതെ സുകുവും താര കുറുപ്പും; വൈറലായി ‘ക്ലാസ്മേറ്റ്സ്’ എഐ വിഡിയോ; കയ്യടിച്ച് സോഷ്യൽ മീഡിയ
കൊച്ചി: ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ക്ലാസ്മേറ്റ്സി'ലെ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകശ്രദ്ധയിൽ. ചിത്രത്തിലെ വേദനിപ്പിക്കുന്ന ഓർമയായ മുരളി എന്ന കഥാപാത്രത്തെ (നരേൻ) സഹപാഠികൾ ഓർക്കുന്ന ഒരു എഐ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
സുകു, റസിയ, സതീശൻ കഞ്ഞിക്കുഴി, പഴന്തുണി, താരാ കുറുപ്പ് തുടങ്ങിയവർ 2025-ൽ മുരളിയുടെ പഴയ ചിത്രങ്ങൾ മൊബൈൽ ഫോണിൽ കാണുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഇതോടെ, മുരളിയെക്കുറിച്ചുള്ള പഴയ ഓർമ്മകളിലേക്ക് അവർ തിരിഞ്ഞുനടക്കുന്നു. സിനിമയുടെ രണ്ടാം ഭാഗമാണോ ഇതെന്ന ആകാംഷയും പ്രേക്ഷകർക്കിടയിൽ ഉയരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ 'ഹാഡ്സി' എന്ന വെബ്സൈറ്റാണ് ഈ ശ്രദ്ധേയമായ വിഡിയോ സൃഷ്ടിച്ചിരിക്കുന്നത്.
2006 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതാണ്. പൃഥ്വിരാജ്, നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ, സുകുമാരി, കാവ്യാ മാധവൻ, രാധിക, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്, അനൂപ് ചന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.