'പീക്കി ബ്ലൈൻ്റേഴ്സ്' സീരീസിലെ താരത്തിന്റെ ഇഷ്ടനടന്മാരിൽ മോഹൻലാലും; ഹോളിവുഡ് താരങ്ങളും ആരാധിക്കുന്ന നടനെന്ന് ആരാധകർ; ആഘോഷമാക്കി ഫാൻ പേജുകൾ
കൊച്ചി: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ 'പീക്കി ബ്ലൈൻ്റേഴ്സ്' എന്ന സീരീസിലെ നടൻ കോസ്മോ ജാർവിസിൻ്റെ ഇഷ്ടനടന്മാരുടെ പട്ടികയിൽ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലും. ഓസ്കാർ ജേതാവ് കിലിയൻ മർഫി പ്രധാന വേഷത്തിലെത്തുന്ന ഈ സീരീസ്, അതിൻ്റെ മേക്കിംഗ്, താരങ്ങളുടെ പ്രകടനം, കഥപറച്ചിൽ എന്നിവ കൊണ്ട് മലയാളികൾക്കിടയിലും വലിയ സ്വീകാര്യത നേടിയിരുന്നു.
'ആർട്ടിക്കിൾ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കോസ്മോ ജാർവിസ് തൻ്റെ ഇഷ്ടനടന്മാരുടെ പേരുകൾ വെളിപ്പെടുത്തിയത്. ചാർളി ചാപ്ലിൻ, ആൻ്റണി ഹോപ്കിൻസ്, ഡാനിയൽ ഡേ ലൂയിസ്, പീറ്റർ സെല്ലേഴ്സ്, ഗാരി ഓൾഡ്മാൻ, വാക്വിൻ ഫീനിക്സ് തുടങ്ങിയ വിശ്വപ്രശസ്ത താരങ്ങളുടെ നിരയിലാണ് അദ്ദേഹം മോഹൻലാലിൻ്റെ പേരും ചേർത്ത് വെക്കുന്നത്. ഈ അഭിമുഖത്തിൻ്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
പീക്കി ബ്ലൈൻ്റേഴ്സിൽ ബാർണി തോംസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോസ്മോ ജാർവിസ്, 'ഷോഗൺ', 'ലേഡി മാക്ബത്ത്', 'അനിഹിലേഷൻ', 'വാർ ഫെർ', 'പെർസവേഷൻ' തുടങ്ങിയ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ്. കോസ്മോ ജാർവിസിൻ്റെ ഇഷ്ടനടന്മാരുടെ പട്ടികയിൽ മോഹൻലാൽ ഉൾപ്പെട്ടത് അദ്ദേഹത്തിൻ്റെ ആരാധകർക്ക് വലിയ സന്തോഷം നൽകിയിരിക്കുകയാണ്. ഏതൊക്കെ ചിത്രങ്ങളായിരിക്കും കോസ്മോയെ മോഹൻലാലിൻ്റെ ആരാധകനാക്കിയതെന്ന അന്വേഷണത്തിലാണ് ആരാധകർ.