വീണ്ടും ശക്തമായ കഥാപാത്രവുമായി വിജയരാഘവൻ; ദാവീദിലെ പുത്തലത്ത് രാഘവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; വെള്ളിത്തിരയിലെത്തുന്നത് റിയൽ ലൈഫ് കഥാപാത്രമോ ?
കൊച്ചി: തട്ടുപൊളിപ്പൻ ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ആൻ്റണി വർഗീസ് പെപ്പെ. പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന പെപ്പെയുടെ ആക്ഷൻ സ്പോർട്ട് വിഭാഗത്തിൽപെടുന്ന ചിത്രമാണ് 'ദാവീദ്'. ആഷിക് അബു എന്ന ബോക്സറുടെ വേഷമാണ് ആൻ്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധാനം. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് 'ദാവീദ്' നിർമ്മിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്ക് കൂടുതൽ ആകാംഷ നൽകി ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്ത് വന്നിരിക്കുകയാണ്.
ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിജയരാഘവൻ അവതരിപ്പിക്കുന്ന പുത്തലത്ത് രാഘവൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. സമീപകാലത്ത് ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ വിജയരാഘവനായി. അക്കൂട്ടത്തിൽ ഒന്നാവും ദാവീദിലെ പുത്തലത്ത് രാഘവൻ എന്നാണ് വിലയിരുത്തൽ. എന്നാൽ ഇതൊരു റിയൽ ലൈഫ് കഥാപാത്രമാണോ എന്ന സംശയങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. കോഴിക്കോട് പൂളാടിക്കുന്ന് എന്ന പ്രദേശത്ത് നിന്ന് നിരവധി ബോക്‌സിങ് താരങ്ങളെ വളർത്തികൊണ്ടു വന്ന ബോക്‌സിങ് ആചാര്യനായിരുന്നു പുത്തലത്ത് രാഘവൻ.
'ദാവീദ്' ന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും, ദീപു രാജീവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ-പാക്ക്ഡ് എൻ്റർടെയ്‌നറയാണ് ചിത്രം എത്തുക. ലിജോമോൾ ജോസ്, വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു, മോ ഇസ്മായിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സാലു കെ തോമസിൻ്റെ ഛായാഗ്രഹണവും രാകേഷ് ചെറുമാടത്തിൻ്റെ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം. ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത് പിസി സ്റ്റണ്ട്സ് ആണ്.