'ഞാൻ മരിച്ചുവെന്ന വാർത്ത കണ്ട് ഭർത്താവ് വിളിച്ചു, സുഖമില്ലാതെ കിടക്കുകയായിരുന്നു'; ന്യൂസ് ചാനലുകളെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയാത്ത കാലം; തുറന്ന് പറഞ്ഞ് ദേവി ചന്ദന

Update: 2026-01-06 08:52 GMT

കൊച്ചി: താൻ മരിച്ചുവെന്ന തരത്തിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തയോട് പ്രതികരണവുമായി പ്രമുഖ സിനിമാ-സീരിയല്‍ താരം ദേവി ചന്ദന. വാർത്ത പ്രചരിക്കുമ്പോൾ താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും, ഭർത്താവ് കിഷോർ വിളിച്ചു കാര്യം തിരക്കിയെന്നും ദേവി വെളിപ്പെടുത്തി. പുതുവർഷത്തോടനുബന്ധിച്ച് ഭർത്താവ് കിഷോറിനൊപ്പം പങ്കുവെച്ച യൂട്യൂബ് വ്ലോഗിലാണ് ദേവി ചന്ദന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

"ഞാൻ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലിൽ വാർത്ത വന്നു. പക്ഷേ, ആ സമയത്ത് സുഖമില്ലാതെ കിടക്കുകയായിരുന്നു. അതുകണ്ട് കിഷോർ എന്നെ ഫോൺ വിളിച്ച് ചോദിച്ചു, താൻ മരിച്ചോടോ എന്ന്. ഇല്ല ഞാൻ മരിച്ചിട്ടില്ലെന്ന് ഞാനും പറഞ്ഞു," ദേവി ചന്ദന വ്ലോഗിൽ വ്യക്തമാക്കി. വാർത്താ ചാനലുകളുടെ വിശ്വാസ്യതയെക്കുറിച്ചും താരം സംശയം പ്രകടിപ്പിച്ചു. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ വർഷം അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ പുതുവത്സര പ്രതിജ്ഞകളെക്കുറിച്ചും അവയിൽ എത്രത്തോളം പാലിക്കാൻ കഴിഞ്ഞുവെന്നതിനെക്കുറിച്ചും ഇരുവരും വ്ലോഗിൽ സംസാരിച്ചിരുന്നു. ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുമെന്ന പ്രതിജ്ഞ തനിക്ക് പൂർണമായി പാലിക്കാൻ കഴിഞ്ഞില്ലെന്നും, അതിന്റെ ഫലമായി വർഷാവസാനമായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ദേവി ചന്ദന കൂട്ടിച്ചേർത്തു. "സെൽഫ് കെയർ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു, പക്ഷേ അത് നടന്നില്ല. അതുകൊണ്ട് വർഷാവസാനം ആശുപത്രിയിൽ കയറേണ്ടി വന്നു," അവർ പറഞ്ഞു.

സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുമെന്ന തീരുമാനവും പാലിക്കാനായില്ല. എന്നാൽ, ആവശ്യമായ കാര്യങ്ങൾക്ക് 'നോ' പറയാൻ പഠിക്കുമെന്ന പ്രതിജ്ഞ ഏറെക്കുറെ പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി. ന്യൂസ് ചാനലുകളെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയാത്ത കാലമാണ് ഇതെന്നും പത്രം വരുത്താത്തതുകൊണ്ട് വാർത്തകൾ അറിയാൻ ഫോണിനെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും ദേവി ചന്ദന സൂചിപ്പിച്ചു. കോമഡി സ്കിറ്റുകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ദേവി ചന്ദന, നടിയും നർത്തകിയുമെന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതയാണ്. യൂട്യൂബ് ചാനലിലൂടെയും താരം സജീവമാണ്.

Tags:    

Similar News