'ഈ മാല പോസിറ്റീവ് എനർജി നൽകുമെന്നാണ് പലരും പറയുന്നു, എനിക്ക് അത്ര പവർ ഒന്നും തോന്നിയില്ല'; കരുങ്കാളി മാലയെക്കുറിച്ച് തുറന്നടിച്ച് ധനുഷ്
ചെന്നൈ: കഴുത്തിലെ കരുങ്കാളി മാലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ 'ഇഡ്ലി കടൈ'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഈ വിഷയത്തിൽ പ്രതികരിച്ചത്. പലരും ധരിക്കുന്ന രുദ്രാക്ഷമാലകളെപ്പോലെതന്നെ, ഈ കരുങ്കാളി മാലയും ചില പ്രത്യേക കഴിവുകളുള്ളതായി പ്രചാരത്തിലുണ്ട്. എന്നാൽ, ഇതിനെക്കുറിച്ചുള്ള ധനുഷിന്റെ പ്രതികരണം ആരാധകരിൽ പുതിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്.
'ഒരു പോസിറ്റീവ് എനർജി നൽകുമെന്നാണ് പലരും പറയുന്നത്. എന്നാൽ എനിക്ക് അത്ര പവർ ഒന്നും ഈ മാല നൽകുന്നതായി തോന്നിയിട്ടില്ല,' ധനുഷ് തുറന്നുപറഞ്ഞു. 'സത്യം പറഞ്ഞാൽ ഇത് ഏത് മാലയാണെന്ന് എനിക്കറിയില്ല. ഇത് എന്റെ മുത്തശ്ശന്റെ ഫോട്ടോയിൽ തൂക്കിയിട്ടിരുന്നതാണ്. മുത്തശ്ശൻ ജപിച്ചുകൊണ്ടിരുന്ന മാലയാണിത്. അദ്ദേഹം മരിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ ഫോട്ടോയിൽ തൂക്കിയിട്ടു. ഒരു ദിവസം ആ മാല എനിക്ക് തരുമോ എന്ന് ഞാൻ മുത്തശ്ശിയോട് ചോദിച്ചു. അങ്ങനെ മുത്തശ്ശി ആ മാലയെടുത്ത് മന്ത്രങ്ങൾ ചൊല്ലി എന്റെ കഴുത്തിൽ ഇട്ട് തന്നു.'
ഈ മാല ധരിക്കുന്നതിലൂടെ മുത്തശ്ശന്റെ അനുഗ്രഹവും സംരക്ഷണവും തനിക്കുണ്ടെന്ന് ധനുഷ് വിശ്വസിക്കുന്നു. "അന്ന് മുതൽ അദ്ദേഹത്തിന്റെ ആശിർവാദം എന്റെ കൂടെയുള്ളതുപോലെ എനിക്ക് തോന്നാറുണ്ട്. രക്ഷാകവചമായി അദ്ദേഹം എന്റെ കൂടെ തന്നെ ഉള്ളതുപോലെ എനിക്ക് തോന്നും. അതുകൊണ്ടാണ് ഞാനിത് ധരിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ധനുഷ്, നിത്യാ മേനോൻ, സത്യരാജ്, അരുൺ വിജയ്, സമുദ്രക്കനി, ശാലിനി പാണ്ഡെ, പാർത്ഥിപൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വണ്ടർബാർ ഫിലിംസും ഡോൺ പിക്‌ചേഴ്‌സും സംയുക്തമായി നിർമ്മിച്ച് റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.