എന്ത് ചെയ്താലും ശരി..പുറത്തുനിന്ന് നമുക്ക് അടി ഉറപ്പാണ്; ഭയങ്കര ഡിപ്രഷൻ ഉണ്ടാക്കുന്ന അവസ്ഥയാണ് അത്; അന്നേരം കുറ്റം പറയാനും പറ്റില്ല; രഹസ്യങ്ങൾ തുറന്നുപറഞ്ഞ് ധന്യ മേരി വർഗീസ്
റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പരിചയമുള്ളവർ സഹമത്സരാർത്ഥികളായി വരാതിരിക്കുന്നതാണ് നല്ലതെന്ന് നടി ധന്യ മേരി വർഗീസ്. ബിഗ് ബോസ് ഹൗസിനുള്ളിലെ വ്യക്തിബന്ധങ്ങൾ ഗെയിമിനെ പ്രതികൂലമായി ബാധിക്കുമെന്നും അത് വലിയ ആശയക്കുഴപ്പങ്ങൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും വഴിവെക്കുമെന്നും ധന്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
പരിചയമുള്ളവർ ഒപ്പമുണ്ടാകുമ്പോൾ അവർ എന്ത് തെറ്റ് ചെയ്താലും കുറ്റം പറയാൻ പ്രയാസമാണ്. എന്നാൽ, പറയാതിരുന്നാൽ പുറത്തുനിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വരുമെന്നും ധന്യ പറയുന്നു. ഇത് മത്സരാർത്ഥികളിൽ മാനസികമായി വലിയ സമ്മർദ്ദമുണ്ടാക്കുന്ന അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടി.
"അവിടെ ഇമോഷൻസ് വർക്ക് ആവും, അഭിനയിച്ചൊന്നും നിൽക്കാൻ പറ്റില്ല. എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തും," ധന്യ അഭിപ്രായപ്പെട്ടു. എന്നാൽ, എല്ലാവരും ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യത്തെ ഗെയിം സ്ട്രാറ്റജിയായി കാണുകയാണെങ്കിൽ അത് ഗുണകരമാണ്. അങ്ങനെയെങ്കിൽ ആരുടെയും സന്തോഷമോ സങ്കടമോ നമ്മളെ ബാധിക്കില്ലെന്നും, കളിക്കളത്തിലെ തന്ത്രങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ബിഗ് ബോസ് ഹൗസിൽ അതിജീവിക്കാൻ സാധിക്കുമെന്നും ധന്യ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ധന്യ മേരി വർഗീസ് ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ചത്.
ബിഗ് ബോസ് സീസൺ ഫോറിലെ കരുത്തുറ്റ മത്സരാർഥിയായിരുന്ന ധന്യ മേരി വർഗീസ്, 'തലപ്പാവ്', 'വൈരം', 'റെഡ് ചില്ലീസ്' തുടങ്ങിയ നിരവധി സിനിമകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. സിനിമകളേക്കാൾ കൂടുതൽ 'സീത കല്യാണം' എന്ന സീരിയലിലൂടെയാണ് ധന്യ ആരാധകരെ നേടിയത്.
റിയാലിറ്റി ഷോകളിൽ വ്യക്തിബന്ധങ്ങൾ എങ്ങനെ മത്സരാർത്ഥികളെ സ്വാധീനിക്കാമെന്നും തന്ത്രപരമായ നിലപാടുകൾക്ക് അതിജീവനത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നും ധന്യയുടെ വാക്കുകൾ വ്യക്തമാക്കുന്നു.