'എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകും'; അയാൾ നിഷ്കളങ്കനെന്ന് ആരും വിശ്വസിക്കില്ല; ദിലീപിനെ വെറുതെ വിട്ടത് നേരത്തെ എഴുതിയ വിധിയെന്നും ഭാഗ്യലക്ഷ്മി

Update: 2025-12-08 08:03 GMT

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുകൊണ്ട് ഈ വിധി വന്നു എന്ന് ചോറുണ്ണുന്ന സാധാരണക്കാർക്ക് മനസ്സിലാകുമെന്ന് അവർ പ്രതികരിച്ചു. ദിലീപിനെ വെറുതെ വിട്ടത് നേരത്തെ എഴുതിയ വിധിയെന്നും എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ടതിനെതിരെയുള്ള തന്റെ ശക്തമായ പ്രതിഷേധം അവർ അറിയിച്ചു.

നാല് വർഷം മുൻപ് താൻ പറഞ്ഞ വിധി തന്നെയാണ് ഇന്നും വന്നിരിക്കുന്നത്. ഇത് നേരത്തെ എഴുതിവെച്ച വിധിയാണ്, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കൈയിൽ കിട്ടിയ ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാൻ പറ്റുമോ എന്നതിൽ സംശയമുണ്ട്. "ഇപ്പോഴും ഞാൻ അവളോടൊപ്പം തന്നെയാണ്. മരണം വരെ അവളോടൊപ്പം നിൽക്കും. അയാൾ നിഷ്കളങ്കൻ എന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങൾ ആരും വിശ്വസിക്കാൻ പോകുന്നില്ല," ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ഇനി എന്തുചെയ്യണം എന്ന് ആലോചിച്ചു​കൊണ്ടിരിക്കുകയാണ്. അത് വരും ദിവസങ്ങളിൽ അതിജീവിത തന്നെ പറയുമെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ കൂറുമാറിയവരും പ്രതിക്കൊപ്പം നിൽക്കുന്നവരും ഇത് ഒരു സ്ത്രീയുടെ കേസാണെന്ന് മനസ്സിലാക്കണം. സ്വന്തം വീട്ടിലെ സഹോദരിമാർക്കും പെൺമക്കൾക്കും ഇത്തരം ഒരവസ്ഥ വരുമ്പോൾ അന്നവർ പഠിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

എന്നാൽ, വിധിയെ സ്വാഗതം ചെയ്ത ദിലീപ്, തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപിച്ചു. പോലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്നും ഈ വിധിയോടെ അത് പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്തുനിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് കൂട്ടിച്ചേർത്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്.

കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജേഷ്, അഞ്ചാം പ്രതി എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവർ. അതേസമയം, ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയും കോടതി വെറുതെ വിട്ടു. കുറ്റക്കാരായ പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12-ന് വിധിക്കും. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. 

Tags:    

Similar News