150 കോടി കടന്ന് നിവിന്റെ 'സർവ്വം മായ'; എഡിറ്റർക്ക് ഐഫോൺ സമ്മാനിച്ച് സംവിധായകൻ അഖിൽ സത്യൻ; സർപ്രൈസ് സമ്മാനത്തിന് നന്ദി പറഞ്ഞ് രതിൻ രാധാകൃഷ്ണൻ

Update: 2026-02-09 17:33 GMT

കൊച്ചി: നിവിൻ പോളി നായകനായ 'സർവ്വം മായ' ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ, ചിത്രത്തിന്റെ എഡിറ്റർ രതിൻ രാധാകൃഷ്ണന് വിലപിടിപ്പുള്ള ഐഫോൺ സമ്മാനിച്ച് സംവിധായകൻ അഖിൽ സത്യൻ. 150 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമയിൽ ഒടിടിയിലും മികച്ച അഭിപ്രായം നേടിയിരുന്നു. സിനിമയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച രതിൻ രാധാകൃഷ്ണന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ് അഖിൽ സത്യൻ ഈ സമ്മാനം നൽകിയത്.

ലഭിച്ച സമ്മാനത്തെക്കുറിച്ച് രതിൻ രാധാകൃഷ്ണൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സന്തോഷം പങ്കുവെച്ചു. "അഖിലേട്ടാ, ഈ സർപ്രൈസ് സമ്മാനത്തിന് വലിയ നന്ദി. നിങ്ങളോടൊപ്പം പ്രവർത്തിച്ചത് മികച്ച ഒരു അനുഭവമായിരുന്നു, ഇനിയും ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് ചെയ്യാനുണ്ട്. 150 കോടി ക്ലബ്ബ് ഫിലിം എഡിറ്റർ," രതിൻ കുറിച്ചു. നേരത്തെ, തന്റെ പിതാവും പ്രശസ്ത സംവിധായകനുമായ സത്യൻ അന്തിക്കാടിന് അഖിൽ സത്യൻ വോൾവോ എസ്‌യുവി കാർ സമ്മാനിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സഹപ്രവർത്തകർക്കും അഖിൽ സത്യൻ സർപ്രൈസ് സമ്മാനങ്ങൾ നൽകുന്നത്.

അഖിൽ സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച 'സർവ്വം മായ' നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവായി അടയാളപ്പെടുത്തുന്ന ചിത്രമാണ്. ഒരു ഹൊറർ-ഫാന്റസി കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം, സംഗീതജ്ഞനാകാൻ ആഗ്രഹിച്ച് യാദൃശ്ചികമായി പൂജാരിയാകേണ്ടി വരുന്ന പ്രഭേന്ദു എന്ന യുവാവ് ഡെലുലു എന്ന പ്രേതത്തെ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സൗഹൃദവുമാണ് പ്രമേയമാക്കുന്നത്. ഭീതിപ്പെടുത്തുന്ന രംഗങ്ങൾക്ക് പകരം, ആത്മാവും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിനും വൈകാരിക ബന്ധങ്ങൾക്കുമാണ് ചിത്രം ഊന്നൽ നൽകുന്നത്. 

Tags:    

Similar News