'തലച്ചോറിലെ അഞ്ച് ഞരമ്പുകൾ അറ്റു, 15 ദിവസം കോമയിൽ'; ഒടുവിൽ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ മേക്കപ്പ് ക്ലിനിക്കുമായെത്തി താരം; ആരും അറിയാതിരുന്ന മുമൈത് ഖാന്റെ ആ കഥ ഇങ്ങനെ

Update: 2026-02-08 12:54 GMT

മുംബൈ: സിനിമാ ലോകത്ത് നിന്ന് അപ്രതീക്ഷിതമായി വിട്ടുനിൽക്കേണ്ടി വന്നതിൻ്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടിയും നർത്തകിയുമായ മുമൈത് ഖാൻ. 2016-ൽ സംഭവിച്ച ഒരു അപകടത്തിൽ തലച്ചോറിലെ അഞ്ച് ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും 15 ദിവസം കോമയിലാവുകയും ചെയ്തതാണ് ഇതിന് കാരണമെന്ന് അവർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അപകടത്തെത്തുടർന്ന് ഡോക്ടർമാർ കുറഞ്ഞത് ഏഴ് വർഷത്തേക്ക് യാതൊരു ജോലിയും ചെയ്യരുതെന്ന് കർശനമായി നിർദ്ദേശിച്ചിരുന്നു.

എന്തെങ്കിലും ഉയർത്താൻ പോലും തനിക്ക് സാധിച്ചിരുന്നില്ലെന്നും, ദൈവം തനിക്ക് നൽകിയ സിനിമാ ജീവിതത്തിന് ദൈവം തന്നെ വിരാമമിട്ടുവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മുമൈത് ഖാൻ പറഞ്ഞു. വർഷങ്ങളോളം ജോലി ചെയ്യാൻ കഴിയാതിരുന്ന ആ കാലയളവിൽ സാമ്പത്തികമായി തൻ്റെ അമ്മയാണ് പിന്തുണ നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. സിനിമയിൽ നിന്ന് വിട്ടുനിന്ന ഈ ഏഴ് വർഷം സ്വയം പഠനത്തിനായി വിനിയോഗിച്ചപ്പോൾ, മേക്കപ്പിനോടും ഹെയർ സ്റ്റൈലിങ്ങിനോടുമുള്ള തൻ്റെ താൽപ്പര്യം തിരിച്ചറിഞ്ഞതായി മുമൈത് ഖാൻ വെളിപ്പെടുത്തി.

ഓരോ സിനിമയിലും ഓരോ ഗാനത്തിലും താൻ ഒരേ രൂപം ആവർത്തിച്ചിരുന്നില്ലെന്നും, ഓരോ തവണയും അത് വ്യത്യസ്തമായിരുന്നുവെന്നും അവർ അനുസ്മരിച്ചു. ഈ തിരിച്ചറിവ് സ്വന്തമായി ഒരു ഹെയർ ആൻഡ് മേക്കപ്പ് ക്ലിനിക്ക് ആരംഭിക്കാൻ പ്രേരിപ്പിച്ചു. നിലവിൽ ഇത് വിജയകരമായി മുന്നോട്ട് പോവുകയാണെന്നും, സിനിമാ ജീവിതം ഉപേക്ഷിച്ചതിൽ യാതൊരു ഖേദവുമില്ലെന്നും മുമൈത് വ്യക്തമാക്കി.

'പോക്കിരി'യിലെ "എൻ ചെല്ലപ്പേര് ആപ്പിൾ", 'കന്ദസാമി'യിലെ "എൻ പേര് മീനാ കുമാരി", 'മമ്പട്ടിയാൻ' എന്ന ചിത്രത്തിലെ "മലയൂര് നാട്ടാമ", 'വില്ല്' എന്ന ചിത്രത്തിലെ "ഡാഡി മമ്മി വീട്ടിലില്ലൈ" തുടങ്ങിയ ഗാനങ്ങളിലൂടെ മുമൈത് ഖാൻ ഏറെ ശ്രദ്ധ നേടിയിരുന്നു. 2001-ൽ തമിഴ് ചിത്രമായ 'മജ്നു'വിലെ കാമിയോ റോളിലൂടെയാണ് അവർ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 'യെ ക്യ ഹോ രഹാ ഹൈ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

Tags:    

Similar News