4000 പേര്‍ അറസ്റ്റിലായതില്‍ ഒരു സിനിമാക്കാരനേ ഉള്ളു, സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗമില്ല: ദിലീഷ് പോത്തന്‍

Update: 2025-03-13 11:24 GMT

സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങളോടാണ് ദിലീഷ് പോത്തന്‍ പ്രതികരിച്ചത്. ലഹരി കേസില്‍ 4000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അതില്‍ സിനിമയില്‍ നിന്നും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത് എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്.

”ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്. പക്ഷെ 4000 പേര്‍ അറസ്റ്റിലായതില്‍ ഒരു സിനിമാക്കാരനേ ഉള്ളു. ഡോക്ടര്‍മാരും ബിസിനസുകാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റായി തുടരുന്നു.”

”അത് ന്യായീകരണം അര്‍ഹിക്കുന്നില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല” എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്.

അതേസമയം, ഹെബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് കഴിഞ്ഞ ദിവസം മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥ് അറസ്റ്റിലായിരുന്നു. 45 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News