'എല്ലാം സെറ്റ് ചെയ്ത് മണിക്കൂറുകളോളം മുഴുവൻ ക്രൂവും കാത്തുനിന്നു, ഹെലികോപ്റ്ററിലെത്തിയ താരം കൈവീശി കാണിച്ചു മടങ്ങി'; സൽമാൻ ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് സംവിധായകൻ

Update: 2025-09-20 12:04 GMT

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ അഭിനവ് കശ്യപ്. 2010-ൽ തൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ദബാങ്' എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ താരത്തിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചാണ് അഭിനവ് തുറന്നുപറഞ്ഞത്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

സൽമാൻ്റെ സഹസംവിധായകനായിരുന്ന എ.ആർ. മുരുഗദോസ്, 'സിക്കന്ദർ' എന്ന ചിത്രത്തിൻ്റെ സെറ്റിൽ സൽമാൻ വൈകിയെത്തുന്നതിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ പിന്തുണച്ചുകൊണ്ടാണ് അഭിനവ് തൻ്റെ പഴയ അനുഭവങ്ങൾ പങ്കുവെച്ചത്. 'ദബാങ്' ചിത്രീകരണത്തിൻ്റെ സമയത്ത്, സൽമാൻ ഏകദേശം വൈകുന്നേരം 5 മണിയോടെയാണ് സെറ്റിലെത്തിയിരുന്നതെന്നും, വെളിച്ചം നഷ്ടപ്പെടുന്നതിന് ഏകദേശം 30 മിനിറ്റ് മുൻപ് വരെ മാത്രമാണ് ഷൂട്ട് ചെയ്യാൻ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൽമാൻ സെറ്റിലെത്തിയാലും വാനിറ്റി വാനിൽ ഏകദേശം ഒരു മണിക്കൂറിലധികം സമയം കാത്തിരുന്ന് ചായ കുടിച്ച് സമയം കളയുന്ന പതിവുണ്ടായിരുന്നുവെന്നും അഭിനവ് കൂട്ടിച്ചേർത്തു. ഇത് കാരണം അന്ന് ചെയ്യേണ്ടിയിരുന്ന ഷോട്ടുകൾ പൂർത്തിയാക്കാൻ കഴിയാതെ വരികയും, ഷൂട്ടിംഗ് ദിവസങ്ങൾ നീണ്ടുപോവുകയുമായിരുന്നു.

'ദബാങ്' ചിത്രത്തിൻ്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനായി മുംബൈയിൽ നിന്ന് നാല് മണിക്കൂറിലധികം ദൂരമുള്ള പഞ്ച്ഗണിയിൽ നൂറുകണക്കിന് അണിയറപ്രവർത്തകരെ മണിക്കൂറുകളോളം കാത്തുനിർത്തിയ സംഭവവും അദ്ദേഹം വിവരിച്ചു. സൽമാൻ ഉച്ചയ്ക്ക് 2 അല്ലെങ്കിൽ 3 മണിയോടെയെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അദ്ദേഹം പിന്നീട് ഹെലികോപ്റ്ററിൽ വരാൻ പോവുകയാണെന്നും, വൈകുന്നേരം 3 അല്ലെങ്കിൽ 4 മണിയോടെയാണ് പുറപ്പെട്ടതെന്നും അറിയിപ്പ് ലഭിച്ചതായും അഭിനവ് വ്യക്തമാക്കി.

വൈകുന്നേരം 5 മണിക്ക് ശേഷം ഷൂട്ട് റദ്ദാക്കാൻ ആലോചിക്കുമ്പോഴാണ് ഒരു ഹെലികോപ്റ്റർ എത്തിയത്. ലൊക്കേഷനിൽ ഹെലികോപ്റ്റർ ഇറക്കാൻ സൗകര്യമില്ലായിരുന്നെങ്കിലും ഹെലികോപ്റ്റർ സെറ്റിന് മുകളിൽ വന്ന് 15 മീറ്റർ ഉയരത്തിൽ താഴ്ന്നു. അതിനുശേഷം, സൽമാൻ തല പുറത്തേക്കിട്ട് കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചു എന്നിട്ട് തിരിച്ചുപോഎന്നും അഭിനവ് പറഞ്ഞു. 

Tags:    

Similar News