ഞാൻ വളർന്നുവന്ന സാഹചര്യം എനിക്ക് അറിയാം; അത് വിട്ട് ഒരിക്കലും..കളിക്കില്ല; ആ സംഭവത്തിന് ശേഷം മകനേയും കൊണ്ട് ഒളിച്ചോടി; തുറന്നുപറഞ്ഞ് ദിവ്യ ശ്രീധർ
ആദ്യ വരുമാനം വെറും 60 രൂപയായിരുന്നുവെന്ന് നടി ദിവ്യ ശ്രീധർ. എത്ര വളർന്നാലും സ്വന്തം വേരുകൾ മറക്കില്ലെന്നും ആദ്യകാല സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ശ്രീധർ തന്റെ സിനിമാ-സീരിയൽ രംഗത്തെ കരിയറിനെക്കുറിച്ചും ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ചും തുറന്നുപറഞ്ഞത്.
അറുപത് രൂപയായിരുന്നു ആദ്യത്തെ കൂലിയായി ലഭിച്ചതെന്ന് ദിവ്യ ശ്രീധർ ഓർത്തെടുത്തു. ഇത്രയധികം വളർന്നിട്ടും അന്നത്തെ സാഹചര്യങ്ങൾ മറന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചപ്പോൾ പലരും തന്നെ കുറ്റപ്പെടുത്തിയെന്നും അതുകൊണ്ട് ഇനി അത്തരം കാര്യങ്ങൾ സംസാരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് അമ്മ കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചതിനെക്കുറിച്ചും അവർ വിവരിച്ചു. എട്ടായിരം രൂപ വായ്പയെടുത്ത് ആറായിരം രൂപ കോഴ്സ് ഫീസിനും ബാക്കി തുകയ്ക്ക് വസ്ത്രങ്ങൾക്കുമായി ഉപയോഗിച്ചു. കോഴ്സ് കഴിഞ്ഞ് പാർലറിൽ ജോലിക്ക് കയറിയപ്പോൾ ആദ്യ ശമ്പളം 1500 രൂപയായിരുന്നു. പിന്നീട് അത് അയ്യായിരവും ആറായിരവുമൊക്കെയായി ഉയർന്നു.
സ്വന്തമായി ബ്യൂട്ടി പാർലർ ആരംഭിച്ചെങ്കിലും ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങൾ കാരണം രണ്ടര ലക്ഷം രൂപ നഷ്ടത്തിൽ അത് വിൽക്കേണ്ടി വന്നതായും അവർ പറഞ്ഞു. മകനുമായി തിരുവനന്തപുരത്തേക്ക് ഒളിച്ചോടി വന്നാണ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. 'ഭദ്ര' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഇതുവരെ 24 സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ഇന്ന് നല്ല പ്രതിഫലം ലഭിക്കുന്നുണ്ടെന്നും ദിവ്യ ശ്രീധർ കൂട്ടിച്ചേർത്തു.