അവരെ പിന്തുണക്കുന്നതിന്റെ പേരിൽ എനിക്ക് വധഭീഷണി വരെ ഉണ്ടായിട്ടുണ്ട്; ഇടയ്ക്ക് ഫോൺ കോൾ വന്നു..ഞാൻ ആകെ പേടിച്ചുപോയി; തുറന്നുപറഞ്ഞ് ദിയ സന
ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥികളായ ലെസ്ബിയൻ പങ്കാളികളായ ആദിലയെയും നൂറയെയും പിന്തുണച്ചതിന് തനിക്ക് വധഭീഷണി വരെ നേരിട്ടതായി സാമൂഹ്യപ്രവർത്തകയും മോഡലുമായ ദിയ സന വെളിപ്പെടുത്തി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ദിയ സന ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
വിവിധ കുടുംബങ്ങളിലെ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ വിഷയങ്ങളിൽ ഇടപെടാറുണ്ടെന്നും, പലപ്പോഴും ഇത് പ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്നും ദിയ സന പറഞ്ഞു. ആദിലയുടെയും നൂറയുടെയും കുടുംബങ്ങളെ അവരുടെ ലൈംഗികതയെക്കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും, എന്നാൽ ഈ പിന്തുണയുടെ പേരിൽ തനിക്ക് ഫോൺ വഴിയും മറ്റും വധഭീഷണി ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
"ഈ സീസൺ തുടങ്ങിയത് മുതൽ ഞാൻ രണ്ട് പേരുടെയും കുടുംബത്തെ വിളിക്കാൻ ശ്രമിച്ചു. ചാനൽ പ്രതിനിധികളുടെയും സഹായത്തോടെ ശ്രമിച്ചെങ്കിലും കുടുംബങ്ങളിൽ നിന്ന് ഒരു തരത്തിലുള്ള സഹകരണവും ലഭിച്ചില്ല," ദിയ സന പറഞ്ഞു. ആദിലയും നൂറയും ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം അവരുടെ ജീവിതത്തെക്കുറിച്ച് തുറന്നുപറയട്ടെ എന്നും, അതിനുശേഷം നിയമനടപടികളെക്കുറിച്ച് ആലോചിക്കാമെന്നും അവർ വ്യക്തമാക്കി.
തന്റെ അഭിമുഖങ്ങളിൽ മാതാപിതാക്കളോട് മക്കളെ ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടതായും, അവർ കഴിവുള്ള കുട്ടികളാണെന്നും ദിയ സന ഓർമ്മിപ്പിച്ചു. "ജീവിതത്തിലെ സ്വത്താണ് അവർ. ഈ കുട്ടികൾ കൂടെയുണ്ടെങ്കിൽ നമുക്ക് എവിടെ വേണമെങ്കിലും എത്താൻ പറ്റും. അത്രയും കഴിവുള്ള കുട്ടികളാണ്. നമ്മൾ ഇരുന്ന് കൊടുത്താൽ മതി. അവർ സമ്പാദിച്ച് കൊണ്ട് തരും. സമ്പാദിക്കുന്നത് മാത്രമല്ല, അവരുടെ ക്വാളിറ്റിയും ജെനുവിനിറ്റിയും മനസിലാക്കണം", ദിയ സന കൂട്ടിച്ചേർത്തു.