'ഇപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു'; ആളുകളെ ബോധവത്കരിക്കാന്‍ സിനിമയ്ക്ക് കഴിയും; എന്തുകൊണ്ട് ജാതിയെക്കുറിച്ചുള്ള സിനിമകള്‍ തമിഴില്‍ മാത്രം വരുന്നുവെന്ന ചോദ്യത്തിന് മറുപടി നൽകി ധ്രുവ് വിക്രം
ചെന്നൈ: ജാതിയെക്കുറിച്ചുള്ള സിനിമകള്‍ തമിഴില്‍ മാത്രം വരുന്നുവെന്ന ചോദ്യത്തിന് മറുപടി നൽകി നടൻ ധ്രുവ് വിക്രം. തമിഴ് സംവിധായകരുടെ സിനിമകളിൽ ഇത്തരം വിഷയങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാരി സെൽവരാജ് ഒരുക്കിയ പുതിയ ചിത്രമായ 'ബൈസൺ' മികച്ച പ്രതികരണം നേടുന്നതിനിടയിലാണ് ധ്രുവ് വിക്രമിന്റെ ഈ നിരീക്ഷണം.
മാരി സെൽവരാജിന്റെ മുൻ ചിത്രങ്ങളായ 'പരിയേറും പെരുമാൾ', 'കർണൻ', 'മാമന്നൻ', 'വാഴൈ' എന്നിവയെല്ലാം സമൂഹം പാർശ്വവൽക്കരിക്കുന്നവരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും ജീവിതാനുഭവങ്ങൾ പകർത്തിയവയായിരുന്നു. സാമൂഹിക പ്രശ്നങ്ങളോടുള്ള സംവിധായകന്റെ ശക്തമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകളെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ, സിനിമകളിലെ രാഷ്ട്രീയ വിഷയങ്ങൾ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്.
'ബൈസൺ' സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് ധ്രുവ് വിക്രം തന്റെ നിലപാട് വിശദീകരിച്ചത്. 'മാരി സെൽവരാജ് സാർ താൻ കടന്നുപോയ സാഹചര്യങ്ങളിൽ നിന്നാണ് സിനിമ ഒരുക്കുന്നത്. ഓരോ സംവിധായകർക്കും അവർക്ക് ഇഷ്ടമുള്ള വിഷയം സിനിമയാക്കാൻ അവകാശമുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് അവയെക്കുറിച്ച് സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ത്യയിലും, പ്രത്യേകിച്ച് തമിഴ്നാട്ടിലും ജാതി പ്രശ്നങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ആളുകളെ ബോധവാന്മാരാക്കാൻ സിനിമ മികച്ച മാധ്യമമാണ്,' ധ്രുവ് വിക്രം പറഞ്ഞു. തമിഴ് സിനിമയിൽ ജാതി രാഷ്ട്രീയത്തെക്കുറിച്ചുള്ള സിനിമകൾ തുടർച്ചയായി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് ധ്രുവ് വിക്രം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
'ഞാൻ ഈ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് എന്റെ കഥകളിലും തിരക്കഥകളിലും ഈ വിഷയങ്ങൾ കടന്നുവരുന്നത്. ജാതിയെയും ജാതിവ്യവസ്ഥയെയും കുറിച്ച് ആരോഗ്യകരമായ ചർച്ചകൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. കാലങ്ങളായി നിലനിൽക്കുന്ന ഒന്നായതുകൊണ്ട് ഈ നരേറ്റീവ് ഉൾക്കൊള്ളാൻ ചിലപ്പോൾ പ്രയാസമായിരിക്കും. എന്നാൽ, കാര്യങ്ങൾ ഉടൻതന്നെ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു,' എന്ന് സംവിധായകൻ മാരി സെൽവരാജ് മുമ്പ് പറഞ്ഞിരുന്നു.