'സിനിമ ജോലിയല്ല, ലൈഫ് സ്റ്റൈൽ, ഒമ്പത് മണിക്ക് സെറ്റിൽ വന്ന് അഞ്ച് മണിയാകുമ്പോൾ പോകാൻ ഇതൊരു ഫാക്ടറിയല്ല'; ദീപികയുടെ പ്രസ്താവനയോട് പ്രതികരിച്ച് റാണ ദഗുബാട്ടിയും ദുൽഖർ സൽമാനും

Update: 2025-12-03 11:59 GMT

ഹൈദരാബാദ്: ചലച്ചിത്ര മേഖലയിൽ എട്ട് മണിക്കൂർ ഷിഫ്റ്റ് എന്ന നടി ദീപിക പദുക്കോൺ നടത്തിയ പ്രസ്താവനയോട് പ്രതികരണവുമായി നടൻ റാണ ദഗുബാട്ടിയും ദുൽഖർ സൽമാനും രംഗത്ത്. സിനിമ ഒരു ജോലിയല്ലെന്നും ഇതൊരു ജീവിതരീതിയാണെന്നും റാണ ദഗുബാട്ടി അഭിപ്രായപ്പെട്ടു. മലയാള സിനിമയിൽ കൃത്യമായ ഷിഫ്റ്റ് സമ്പ്രദായമില്ലെന്ന് ദുൽഖർ സൽമാനും കൂട്ടിച്ചേർത്തു. ദീപികയുടെ ഈ പ്രസ്താവന സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യൂ എന്ന ദീപികയുടെ നിലപാടിനെ തുടർന്ന് നടിയെ 'സ്പിരിറ്റ്', 'കൽക്കി 2' എന്നീ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ദീപികയെ അനുകൂലിച്ചും നിരവധി താരങ്ങൾ മുമ്പ് രംഗത്തെത്തിയിരുന്നു.

ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാണ ദഗുബാട്ടി തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. ചലച്ചിത്ര നിർമ്മാണത്തിൽ അത്തരമൊരു സംവിധാനം പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇതൊരു ജോലിയല്ല, ഇതൊരു ലൈഫ് സ്റ്റൈൽ ആണ്. ഇത് വേണമോ വേണ്ടയോ എന്ന് ഓരോ വ്യക്തിക്കും തീരുമാനിക്കാം. ഓരോ സിനിമയും വ്യത്യസ്തമായ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്," റാണ പറഞ്ഞു.

മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിൽ സിനിമകൾ നിർമ്മിച്ച് വിജയിപ്പിക്കാൻ സാധിക്കുന്നത് അതിനനുസരിച്ചുള്ള ബജറ്റ് നിയന്ത്രിക്കുന്നതിനാലാണെന്നും റാണ വിശദീകരിച്ചു. ബജറ്റ് മാത്രമേ നിർമ്മാതാക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കൂ എന്നും, അതിന് പുറമെയുള്ള ചെലവുകൾ നിയന്ത്രിക്കേണ്ടത് ഓരോ താരങ്ങളുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പരിധിയിലപ്പുറമുള്ള ആഡംബരങ്ങൾ ഓരോ താരങ്ങൾക്കും അനുവദിക്കുന്നതിന് പരിമിതികളുണ്ടെന്നും റാണ ഓർമ്മിപ്പിച്ചു.

തെലുങ്കിലെ പല പ്രമുഖ താരങ്ങൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസുകളുള്ളതിനാൽ ഒരു സിനിമയുടെ ബജറ്റ് എത്രത്തോളം കുറയ്ക്കാൻ സാധിക്കുമെന്ന വ്യക്തമായ ധാരണ അവർക്കുണ്ട്. അതിനാൽ നിശ്ചിത സമയം മാത്രം ജോലി ചെയ്യണമെന്ന് അവർ ആവശ്യപ്പെടാറില്ല. പറഞ്ഞ സമയത്തിനുള്ളിലോ അതിന് മുൻപോ സിനിമ പൂർത്തിയാക്കാനായാൽ അതാണ് നല്ലതെന്നാണ് ഈ താരങ്ങൾ ചിന്തിക്കുന്നതെന്നും റാണ വ്യക്തമാക്കി. "ഒമ്പത് മണിക്ക് സെറ്റിൽ വന്ന് അഞ്ച് മണിയാകുമ്പോൾ പോകാൻ ഇതൊരു ഫാക്ടറിയല്ല. ഒരു കഥ സൃഷ്ടിക്കുകയാണെന്ന് മനസ്സിലാക്കി അതിനായി എന്തു ചെയ്യാനും തയ്യാറായില്ലെങ്കിൽ അത് സംഭവിക്കില്ല," റാണ ദഗുബാട്ടി പറഞ്ഞു.

Tags:    

Similar News