'ഇത് വിജയ് സാറിന്റെ അവസാനത്തെ സിനിമയാണ്; വീണ്ടും ഇങ്ങനെയൊരു അവസരം കിട്ടിയെന്ന് വരില്ല; പ്രേക്ഷകരും ഞങ്ങളുടെ കംബാക്കിനായി കാത്തിരിക്കുന്നു'; ജനനായകന്‍ ചെയ്യാനുള്ള കാരണം അതാണ്; പൂജ ഹെഗ്‌ഡെ പറയുന്നു

Update: 2025-02-05 09:53 GMT

നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ജനനായകന്‍. എച്ച്.വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സം?ഗീതസംവിധാനം. ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ, പ്രിയാമണി, മമിതാ ബൈജു, നരേന്‍, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 'ബീസ്റ്റ്' എന്ന സിനിമയ്ക്ക് ശേഷം വിജയ്യും പൂജയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ ജനനായകന്‍ എന്ന ചിത്രം ചെയ്യാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് പൂജ.

ബീസ്റ്റിന് ശേഷം എന്നാണ് വീണ്ടും വിജയ് സാറിനൊപ്പം വീണ്ടും സിനിമ ചെയ്യാന്‍ പോകുന്നതെന്ന് ഒരുപാട് പേര് തന്നോട് ചോദിച്ചു. അതുകൊണ്ടാണ് താന്‍ ജനനായകന്‍ എന്ന സിനിമ ചെയ്യുന്നതെന്ന് പൂജ ഹെഗ്ഡെ പറഞ്ഞു. വിജയ് സാറുമായി വീണ്ടും ഒരു മാജിക് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പൂജ പറഞ്ഞു.

'ഇത് വിജയ് സാറിന്റെ അവസാനത്തെ സിനിമയെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ഇങ്ങനെത്തെ ഒരു അവസരം കിട്ടിയെന്ന് വരില്ല. പ്രേക്ഷകര്‍ ഞങ്ങളുടെ കംബാക്കിനായി ഒരുപാട് ആഗ്രഹിക്കുന്നു. ഹബീബീസ് തിരിച്ചുവരാന്‍ അവര്‍ കാത്തിരിക്കുകയാണ്', പൂജ ഹെഗ്ഡെ പറയുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സമ്മിശ്ര പ്രതികരണമാണ് പോസ്റ്ററുകള്‍ക്ക് ലഭിച്ചത്. 'മാസ്റ്റര്‍' സിനിമയിലെ സെറ്റില്‍ വെച്ച് വിജയ് എടുത്ത സെല്‍ഫിയാണ് 'ജനനായകന്‍' എന്ന ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്. 2020 ല്‍ റിലീസായ ബിഗില്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയവുമായി ബന്ധപ്പെട്ട് താരത്തിന്റെ ഓഫീസിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടന്റെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. 30 മണിക്കൂര്‍ നടനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കണക്കില്‍ പെടാത്തതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

പിന്നീട് സെറ്റില്‍ തിരിച്ചെത്തിയ നടന് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. വിജയ് യുടെ വീട്ടിന്‍ ഇന്‍കംടാക്സ് പരിശോധന നടക്കുമ്പോള്‍ പിന്തുണയുമായി എത്തിയ ആരാധകരോടൊപ്പം തന്റെ കാരവനിന് മുകളില്‍ കയറി അന്ന് വിജയ് എടുത്ത സെല്‍ഫി ആയിരുന്നു ഇത്. 2020 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റി പോസ്റ്റായി വിജയ് യുടെ 'മാസ്റ്റര്‍' സെല്‍ഫി മാറിയിരുന്നു.

2025 ഒക്ടോബറില്‍ ദീപാവലിക്കാണ് ജനനായകന്‍ റിലീസ് ചെയ്യുക. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എന്‍ കെ എന്നിവരാണ് സിനിമയുടെ സഹനിര്‍മാതാക്കള്‍.

Tags:    

Similar News