'ഒരു നടിയുടെ 'ഷെൽഫ് ലൈഫ്' പരമാവധി ഏഴു വർഷമെന്ന് പറഞ്ഞവരുണ്ട്'; ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്; ആറാം ഫിലിംഫെയർ നേട്ടത്തിൽ മനസ്സ് തുറന്ന് പാർവതി തിരുവോത്ത്

Update: 2026-02-23 16:37 GMT

കൊച്ചി: ഫിലിംഫെയർ പുരസ്‌കാര നേട്ടത്തിൽ പോസ്റ്റ് പങ്കുവെച്ച് പാർവതി തിരുവോത്ത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാൻ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പാർവതിക്ക് പുരസ്കാരം ലഭിച്ചത്. മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പാർവതി കഴിഞ്ഞ ദിവസം പുരസ്കാരം ഏറ്റുവാങ്ങിയത്. താൻ ഇന്ത്യൻ സിനിമ രംഗത്ത് 20 വർഷം പൂർത്തിയാക്കിയെന്നും ഏഴ് വർഷം മാത്രമേ സിനിമയിൽ നിലനിന്ന് പോവാൻ സാധിക്കൂ, അതുകൊണ്ട് പരമാവധി സമ്പാദിക്കൂ എന്ന് തന്നോട് പലരും പറഞ്ഞിരുന്നെനും അതെല്ലാം ഇപ്പോൾ തമാശയായി തോന്നുന്നുവെന്നും പാർവതി പറയുന്നു.

"2025 ഡിസംബറിൽ ഇന്ത്യൻ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ 20 വർഷം പൂർത്തിയായി. ഞാൻ സിനിമചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ 'ഷെൽഫ് ലൈഫ്' പരമാവധി 6-7 വർഷമാണെന്ന് എന്നോട് പറഞ്ഞിരുന്നു. 'അതുകൊണ്ട് പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകളിൽ അഭിനയിക്കുക, അങ്ങനെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം, നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ ധനികരാക്കില്ല' എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു."

"അതെല്ലാം ഇപ്പോൾ വെറും തമാശമാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്. ഏറ്റവും നല്ല കൂട്ടുകാർ എന്നെ പിന്തുണയ്ക്കുന്നു. തിരസ്‌കാരങ്ങളെക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാൻ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാൻ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ ഒരു പ്രൗഡ് വിസിൽബ്ലോവർ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥപറയുന്നവരെ ഞാൻ കണ്ടെത്തുന്നു. അതുകൊണ്ട് ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം! എന്റെ 6-ാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയർ." പാർവതി കുറിച്ചു.

അതേസമയം നിസാം ബഷീർ ഒരുക്കുന്ന ഐ നോബഡിയാണ് പാർവതിയുടെ വരാനിരിക്കുന്ന പ്രതീക്ഷയുള്ള ചിത്രം. പൃഥ്വിരാജ് സുകുമാരാൻ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൻറെ ഭാഗമാവുന്നത്. 

Tags:    

Similar News