'എന്‍റെ പേരും ചിത്രവും കൊടുത്ത് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്, തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നതാണ്'; സംഭവമെന്താണെന്ന് അറിയില്ല, എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല; നടൻ ഗിന്നസ് പക്രുവിന്റെ പേരിൽ സാമൂഹ മാധ്യമങ്ങളിൽ സാമ്പത്തിക തട്ടിപ്പ്; 'സമ്മാനപ്പെരുമഴ' എന്ന വ്യാജേന ലിങ്കും; മുന്നറിയിപ്പുമായി നടൻ
കൊച്ചി: തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു. സമ്മാനങ്ങളുടെ പെരുമഴ വാഗ്ദാനം ചെയ്തും, രജിസ്റ്റർ ചെയ്യാനുള്ള ലിങ്കുകൾ നൽകിയുമാണ് തട്ടിപ്പുകാർ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, നിർദ്ദേശങ്ങൾ പാലിക്കുകയോ ചെയ്യരുതെന്ന് പക്രു മുന്നറിയിപ്പ് നൽകി. തട്ടിപ്പിന്റെ രീതി വിശദീകരിച്ചുകൊണ്ടാണ് ഗിന്നസ് പക്രു വിഡിയോ പങ്കുവച്ചത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തൻ്റെ പേരിൽ ഒരു വ്യാജ സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുകയാണെന്നും, തനിക്ക് സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളോ സമ്മാന പദ്ധതികളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടിപ്പിനായി ഉപയോഗിക്കുന്ന ലിങ്കിൻ്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'വെൽക്കം ടു ഗിന്നസ് പക്രു, അഭിനന്ദനങ്ങൾ, നിങ്ങളെ ഒരു റാഫിൾ വിജയി ആയി തിരഞ്ഞെടുത്തിരിക്കുന്നു എന്നത് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് പ്രഖ്യാപിക്കുന്നതിനു മുൻപ് താഴെ ഉള്ള നിർദേശങ്ങൾ പാലിക്കുക, ഇവിടെ റജിസ്റ്റർ ചെയ്യുക' എന്നൊക്കെ പറഞ്ഞിട്ട് ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്.
'അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ എന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നു. അതും എന്‍റെ പേര് വച്ച് ലിങ്ക് കൊടുത്ത് സമ്മാനപെരുമഴ എന്ന് പറഞ്ഞാണ് പ്രചരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കുക, ഇവിടെ രജിസ്റ്റര്‍ ചെയ്യുക എന്ന് പറഞ്ഞ് ഒരു ലിങ്കും കൊടുത്തിട്ടുണ്ട്.
ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല. ആരോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നതാണ്. എന്‍റെ പേരും ചിത്രവും കൊടുത്ത് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് യാതൊരു വിധ സമ്മാനപദ്ധതികളോ സോഷ്യല്‍ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളോ ഒന്നുമില്ല,' ഗിന്നസ് പക്രു പറഞ്ഞു. കഴിവതും ഇത് ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കണമെന്നും വീഡിയോയിലൂടെ താരം അഭ്യർത്ഥിക്കുന്നു.
പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നുണ്ട്. നമ്മളെ സ്നേഹിക്കുന്നവർ ഇത് സത്യമാണെന്നു കരുതുമെന്നും ആരും ഇതില്‍ ചെന്ന് പെടരുതെന്നും ഗിന്നസ് പക്രു പറഞ്ഞു. അതേസമയം വിഷയം സൈബര്‍ സെല്ലില്‍ പരാതിപ്പെടണമെന്ന് നിരവധി പേര്‍ കമന്‍റ് ചെയ്തു. സമാനമായ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണെന്നും സമൂഹമാധ്യമങ്ങളില്‍ കാണുന്ന ലിങ്കുകളില്‍ ജാഗ്രത പാലിക്കണെന്നും കമന്‍റുകള്‍ പറയുന്നു.
