വീണ്ടും ഞെട്ടിച്ച് ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ; ഇത്തവണയെത്തിയത് തേൾ ഫ്രൈയുമായി; വിഭവം തയ്യാറാക്കിയത് ചൈനയിൽ വെച്ച്; ഇന്ത്യയിൽ ആരും തേൾ ഫ്രൈ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ്
ബെയ്‌ജിങ്: വേറിട്ട രീതിയിലെ പാചകം കൊണ്ട് വലിയ ശ്രദ്ധ നേടിയ ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. എട്ട് ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരാണ് ഫിറോസിനുള്ളത്. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഫിറോസ്. ഇന്ത്യയിൽ നിയമവിധേയമല്ലാത്ത തേൾ ഫ്രൈയുമായാണ് ഫിറോസ് ഇത്തവണ എത്തിയിരിക്കുന്നത്. ചൈനയിലെത്തിയാണ് ഫിറോസ് തേൾ ഫ്രൈ തയ്യാറാക്കിയത്. ആയിരത്തിലധികം തേളുകളെയാണ് ഫ്രൈ ചെയ്തത്.
തന്റെ 'വില്ലേജ് ഫുഡ് ചാനൽ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വലിയ വിഷമുള്ള ജീവിയാണ് തേൾ. ഇവയുടെ വാലിലാണ് വിഷമുള്ളത്. കേരളത്തിൽ മണിതേൾ എന്നുവിളിക്കുന്ന ഒരിനം തേളിനെയാണ് ഫിറോസും സംഘവും ഫ്രൈ ചെയ്തത്. ചെറിയ കുപ്പികളിൽ ജീവനുള്ള തേളുകളെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. ആദ്യം ഇവയെ കഴുകി എടുത്ത ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, ഉണക്കമുളക്, ചൈനയിലെ പുല്ലും വറുത്ത് ചേർക്കും.
ചൈനയിലെ പ്രത്യേക മസാല ചേർത്താണ് തേൾ ഫ്രൈ തയ്യാറാക്കിയത്. ചൈനയിലെ ചില പ്രവിശ്യകളിൽ സ്‌നാക്‌സ് ആയാണ് തേൾ ഫ്രൈ ഉപയോഗിക്കുന്നത്. നേരത്തെയും വിദേശത്ത് പോയി മറ്റുളവർ കഴിക്കാൻ ഭയക്കുന്ന മൃഗങ്ങളെ വിഭവങ്ങളാക്കുന്ന ഫിറോസിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ഈ വിഡിയോകൾ എല്ലാം വലിയ ഹിറ്റാണ്. മുതല, പാമ്പ് തുടങ്ങിയവയെ ഗ്രിൽ ചെയ്യുന്ന വീഡിയോകളും ഫിറോസ് ചെയ്തിരുന്നു. തന്റെ വീഡിയോ അനുകരിച്ച് ഇന്ത്യയിൽ ആരും തേൾ ഫ്രൈ ഉണ്ടാക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പും ഫിറോസ് നൽകുന്നുണ്ട്.