കൈകോർത്ത് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; ന്യൂയോർക്കിലെ ഇന്ത്യ ഡേ പരേഡിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
ന്യൂയോർക്ക്: പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ ന്യൂയോർക്കിൽ നടന്ന 43-ാമത് ഇന്ത്യ ഡേ പരേഡിൽ ഗ്രാൻഡ് മാർഷലുകളായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഓഗസ്റ്റ് 17-ന് മാഡിസൺ അവന്യൂവിൽ നടന്ന പരേഡിൽ ഇരുവരും കൈകൾ കോർത്തുപിടിച്ച് ഇന്ത്യൻ ദേശീയ പതാകയേന്തി പങ്കെടുത്തതോടെ താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.
പരേഡിനെത്തിയ ആയിരക്കണക്കിന് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം വൈറലായി. പരസ്പരം കൈകൾ ചേർത്തുപിടിച്ച് ന്യൂയോർക്ക് നഗരവീഥികളിലൂടെ നീങ്ങുന്ന ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങൾ പ്രണയത്തിലാണെന്ന് വിജയ്‌യോ രശ്മികയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇരുവരും നൽകിയ സൂചനകൾ ആരാധകർ നേരത്തെ തന്നെ ചർച്ചയാക്കിയിരുന്നു.
ഒരു അഭിമുഖത്തിൽ താൻ സിംഗിൾ അല്ലെന്ന് വിജയ് വെളിപ്പെടുത്തിയിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്' എന്നായിരുന്നു രശ്മികയുടെ മറുപടി. ഈ പ്രതികരണങ്ങൾ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായിട്ടാണ് ആരാധകർ കണക്കാക്കുന്നത്.