ഗെയിം ചേഞ്ചറിന്റെ റിലീസ് തടയണം; ശങ്കർ-രാംചരൺ കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം പ്രതിസന്ധിയിൽ; ഇന്ത്യൻ-3 യുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമേ റിലീസ് അനുവദിക്കാവുവെന്നും ലൈക്ക പ്രൊഡക്ഷൻസ്

Update: 2025-01-06 12:11 GMT

ചെന്നൈ: കോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ശങ്കർ. കമൽഹാസൻ നായകനായി പുറത്തിറങ്ങിയ ഇന്ത്യൻ 2 ആണ് ശങ്കർ ഒരുക്കിയ അവസാന ചിത്രം. എന്നാൽ ചിത്രം തീയേറ്ററുകളിൽ പരാജയമായി. എന്നാൽ വരാനിരിക്കുന്ന രാംചരൺ നായകനാവുന്ന ചിത്രത്തിലൂടെ വലിയ തിരിച്ചു വരവിന് ഒരുങ്ങുന്ന സംവിധായകന് കനത്ത തിരിച്ചടി നേരിടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 ജനുവരിയിൽ ആ​ഗോളതലത്തിൽ ചിത്രം പുറത്തിറങ്ങാനിരിക്കെ ​ഗെയിം ചേഞ്ചറിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് മുൻനിര നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തമിഴ് ഫിലം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതായാണ് റിപ്പോർട്ട്.

കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ-3യുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷം മാത്രമേ ​ഗെയിം ചേഞ്ചർ റിലീസ് അനുവദിക്കാവൂ എന്നാണ് ലൈക്കയുടെ ആവശ്യം. കേരളത്തിൽ ഈ വമ്പൻചിത്രം റിലീസിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രതീക്ഷയോടെയാണ് ഗെയിം ചേഞ്ചർ എത്തുന്നത്. ഐഎഎസ് ഓഫീസറുടെ വേഷമാണ് രാം ചരൺ അവതരിപ്പിക്കുന്നത്.

അഴിമതിക്കെതിരെ പോരാടുന്ന മദൻ കഥാപാത്രമാണ് രാം ചരൺ വെള്ളിത്തിരയിൽ എത്തിക്കുന്നത്. തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ലഖ്നൗവിലാണ് നടന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് അടുത്തിടെ നിർമാതാവായ ദിൽ രാജു അറിയിച്ചത്.

Tags:    

Similar News