ആ സിനിമ എന്റെ അല്ലെന്ന് പറഞ്ഞത് തമാശയ്ക്ക്; അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; വ്യക്തമാക്കി ഗൗതം മേനോന്‍
ചെന്നൈ: ഡൊമനിക്ക് ആന്റ് ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ സംവിധായകന്‍ ഗൗതം മേനോന്‍ നടത്തിയ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. തമിഴ് താരങ്ങള്‍ക്ക് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യാനാണ് താല്‍പ്പര്യമെന്നും, തമിഴില്‍ കണ്ടന്റുള്ള ചിത്രങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനൊപ്പം തന്നെ ധനുഷും മേഘ ആകാശും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച എനൈ നോക്കി പായും തോട്ട എന്ന തന്റെ സിനിമ തന്റെതല്ലെന്നും പറഞ്ഞ് ജിവിഎം വാര്‍ത്തകളില്‍ ഇടം നേടി.
അടുത്തിടെ ഒരു അഭിമുഖത്തില്‍ എനൈ നോക്കി പായും തോട്ട തന്റെ സൃഷ്ടിയല്ലെന്ന് ഗൗതം പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമാവുകയും സംവിധായകന്റെ പരാമര്‍ശം വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഗൗതം മേനോന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എനൈ നോക്കി പായും തോട്ട എന്റെ സിനിമയല്ലെന്ന് ഞാന്‍ പറഞ്ഞത് വെറും തമാശയാണ്. പക്ഷേ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് ഗൗതം മേനോന്‍ ഇപ്പോള്‍ പറയുന്നത്.
ഷൂട്ടിങ്ങിനിടെ പല വെല്ലുവിളികള്‍ നേരിട്ടതിനാല്‍ എനൈ നോക്കി പായും തോട്ട രണ്ടാം പകുതിയില്‍ തൃപ്തനായിരുന്നില്ല. എന്നാല്‍ എന്റെ കൂടെ പ്രവര്‍ത്തിപ്പിച്ചവര്‍ എന്റെ വാക്കുകള്‍ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ അതില്‍ വിശദീകരണം നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് ഇത്രയും വിവാദമായത് താന്‍ അറിഞ്ഞില്ലെന്നും, താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവം അല്ലെന്നും ഗൗതം മേനോന്‍ പറയുന്നു.
ആ ചിത്രം മറ്റാരെങ്കിലും നിര്‍മ്മിച്ച ചിത്രം ആണെങ്കിലും, ഞാന്‍ ആ പ്രസ്താവന നല്‍കിയിട്ടുണ്ടെങ്കില്‍, അത് പൂര്‍ണ്ണമായും തെറ്റാണ്. എനൈ നോക്കി പായും തോട്ട നിര്‍മ്മിച്ചത് ഞാനാണ്. ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ആദ്യ പകുതിയില്‍ മാത്രമാണ് സ്‌ക്രീനില്‍ എത്തിക്കാന്‍ സാധിച്ചത്. വട ചെന്നൈയുടെ തിരക്കിലായതിനാല്‍ എനിക്ക് ധനുഷിന്റെ ഡേറ്റ് ലഭിക്കില്ല. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിത്രം എനിക്ക് പൂര്‍ത്തിയാക്കേണ്ടി വന്നു - ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.