മമ്മൂട്ടി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു; ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവുന്ന യൂണിവേഴ്‌സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം; ഫസ്റ്റ് ഹാഫ് വരെ ആദ്യം പറഞ്ഞുള്ളു, പിന്നീട് അത് നീട്ടി; ഗോകുല്‍
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഡൊമനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ് എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മമ്മൂട്ടിയോടൊപ്പം ഗോകുല്‍ സുരേഷും ഈ ചിത്രത്തില്‍ ഒരു പ്രാധാന കഥാപാത്രമാകുന്നുണ്ടെന്ന് ടീസില്‍ നിന്ന് മനസ്സിലാക്കാം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമകൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ഗോകുല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗോകുല്‍.
'ടീസറിലൊക്കെ എനിക്ക് അത്രയും പ്രാധാന്യം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് എല്ലാവരോടും അകമഴിഞ്ഞ നന്ദി. എന്നും ഓര്‍മയിലിരിക്കുന്ന അനുഭവം ആയിരുന്നു സിനിമ സമ്മാനിച്ചത്. മമ്മൂട്ടി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമ്മുക്കൊരുപാട് കാര്യങ്ങള്‍ പഠിക്കാനാവുന്ന യൂണിവേഴ്‌സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം.
അതിലൊരുപാട് സന്തോഷമുണ്ട്. ഫസ്റ്റ് ഹാഫ് വരെ പറഞ്ഞിട്ടുള്ള കഥാപാത്രം ആയിരുന്നു എന്റേത്. പിന്നീടത് കുറച്ച് സമയം കൂടി നീട്ടി. പിങ്ക് പാന്തര്‍ പോലൊരു സിനിമയാണ് ഡൊമനിക്. ഗൗതം വാസുദേവന്‍ മേനോന്‍ സാറിന്റെ സിനിമകളെല്ലാം കണ്ട് ഫാന്‍ ആയിട്ടുള്ളവരാണ് നമ്മളൊക്കെ.
വാരണം ആയിരം, കാക്ക കാക്ക, വേട്ടയാട് വിളയാട് തുടങ്ങി നിരവധി പടങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ അടുത്തു നിന്നൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഫ്രെയിമില്‍ വന്ന് അഭിനയിക്കാന്‍ സാധിക്കുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്', - ഗോകുല്‍ സുരേഷ് പറഞ്ഞു. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.