'സ്ത്രീ കഥാപാത്രങ്ങളെ രണ്ട് മണിക്കൂറും സ്‌ക്രീനിൽ കാണിക്കണമെന്നില്ല, ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരുന്നാൽ മതി'; നല്ല സിനിമ കിട്ടാതെ കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാമെന്നും ഗൗതമി നായർ

Update: 2025-12-05 10:06 GMT

കൊച്ചി: മലയാള സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും, മുൻകാലങ്ങളെ അപേക്ഷിച്ച് ഈ അവസ്ഥ വർധിക്കുകയാണെന്നും നടി ഗൗതമി നായർ. നല്ല സിനിമകളും ശക്തമായ വേഷങ്ങളും ലഭിക്കാത്തതിനാൽ പല നടിമാരും കഷ്ടപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 'ക്യു സ്റ്റുഡിയോയ്ക്ക്' നൽകിയ അഭിമുഖത്തിലാണ് ഗൗതമി മലയാള സിനിമാ മേഖലയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണത്തെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവെച്ചത്.

പഴയ സിനിമകളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ധാരാളമായി ഉണ്ടായിരുന്നെങ്കിൽ, ഇന്നത്തെ പല സിനിമകളിലും അവർക്ക് ഒരു വിലയുമില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് ഗൗതമി പറഞ്ഞു. റിലീസ് ചെയ്യുന്ന പത്ത് സിനിമകളിൽ രണ്ടോ മൂന്നോ എണ്ണത്തിൽ മാത്രമേ കരുത്തുള്ള സ്ത്രീകഥാപാത്രങ്ങളെ കാണാൻ സാധിക്കുന്നുള്ളൂവെന്നും അവർ നിരീക്ഷിച്ചു.

ഇത് നടിമാരുടെ അഭാവം കൊണ്ടല്ലെന്നും, അത്തരത്തിലുള്ള കഥകൾ എഴുതപ്പെടാത്തതിനാലാണെന്നും ഗൗതമി അഭിപ്രായപ്പെട്ടു. "രണ്ട് മണിക്കൂർ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളെ രണ്ട് മണിക്കൂറും കാണിക്കണമെന്നില്ല, എന്നാൽ അവർക്ക് ചെയ്തുകാണിക്കാൻ എന്തെങ്കിലുമുണ്ടായിരിക്കണം. മികച്ച കലാകാരന്മാർ ഇവിടെയുണ്ടെങ്കിലും തിരക്കഥകളുടെ അഭാവമാണ് പ്രധാന പ്രശ്നം," അവർ വിശദീകരിച്ചു.

താൻ സിനിമ ഉപേക്ഷിച്ച് മാറി നിന്നിട്ടില്ലെന്നും, മികച്ച കഥാപാത്രങ്ങൾ ലഭിക്കാത്തതിനാൽ പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നതാണെന്നും ഗൗതമി വ്യക്തമാക്കി. താൻ സിനിമ നിർത്തിയെന്ന പ്രചാരണം തെറ്റാണെന്നും, ആകാംഷയുണർത്തുന്നതും ശക്തവുമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    

Similar News