കുടുംബ കോടതിയുടെ മുന്നിൽ നിന്ന് രണ്ടുപേരുടെ 'ഗുഡ്ബൈ' പറച്ചിൽ; പരസ്പര ധാരണയോടെ വേർ പിരിഞ്ഞ് ഗായകൻ ജിവി പ്രകാശും സൈന്ധവിയും; ചർച്ചയാക്കി സോഷ്യൽ മീഡിയ

Update: 2025-09-29 12:01 GMT

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവി പി. നായരും തമ്മിലുള്ള 12 വർഷത്തെ ദാമ്പത്യത്തിന് ഔദ്യോഗികമായി വിരാമമായി. ഇന്നലെ ചെന്നൈ കുടുംബ കോടതിയിൽ ഇരുവരും പരസ്പരം യാതൊരു പരാതികളോ പരിഭവങ്ങളോ കൂടാതെ, ധാരണയോടെ വിവാഹമോചനം നേടി പിരിഞ്ഞു. കോടതിക്ക് പുറത്ത് കൈകോർത്ത് അവർ യാത്ര പറഞ്ഞെത്തിയ കാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായി.

സ്‌കൂൾ കാലം മുതലേ ആരംഭിച്ച പ്രണയം 2013-ൽ വിവാഹത്തിൽ കലാശിക്കുകയായിരുന്നു. 2020-ൽ ജനിച്ച ഇവരുടെ അഞ്ച് വയസ്സുള്ള മകൾ അൻവിയുടെ ഭാവിയെക്കുറിച്ചുള്ള മാനുഷിക പരിഗണനയാകാം ഇങ്ങനെയൊരു മാന്യമായ വേർപിരിയലിന് അവരെ പ്രേരിപ്പിച്ചതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിലയിരുത്തലുകൾ ഉയർന്നു. പ്രകാശും സൈന്ധവിയും ഒരുമിച്ച് പാടിയ നിരവധി ഗാനങ്ങൾ സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്. വേർപിരിയുന്നതിന് ശേഷവും സംഗീത പരിപാടികളിൽ ഇവർ ഒരുമിച്ച് പങ്കെടുത്തത് ആരാധകർക്ക് വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നു.

ഈ വേർപിരിയൽ സംഗീത ലോകത്തിനും ആരാധകർക്കും ഒരുപോലെ വേദനയുളവാക്കുന്നതാണ്. അതേസമയം, ജി.വി. പ്രകാശ് ഈ വർഷത്തെ 71-ാമത് ദേശീയ പുരസ്‌കാരം ധനുഷ് നായകനായ 'വാത്തി' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ലഭിച്ചതിന്റെ സന്തോഷത്തിലും ആണ്. സൂര്യ നായകനായ 'സൂരറൈ പോട്രു' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും അദ്ദേഹത്തിന് മുൻപ് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Tags:    

Similar News