ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് പെരിയോനെ; ലിസ്റ്റില്‍ എത്തുന്ന ആദ്യ മലയാള ഗാനം
മറ്റൊരു മലയാളഗാനത്തിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആടുജീവിതം എന്ന ചിത്രത്തിലെ ജിതിന്‍ രാജ് ആലപിച്ച പെരിയോനേ എന്ന ഗാനം. എ ആര്‍ റഹ്‌മാന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ഈ ആടുജീവിതം.
ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നെങ്കിലും 'പെരിയോനേ' എന്ന ഗാനം പ്രേക്ഷക മനസുകളില്‍ ഒരുപിടി മുന്നിലായിരുന്നു. ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് 'പെരിയോനേ' ഗാനം. ലോക പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശ പട്ടികയില്‍ പെരിയോനേയും ഇടംപിടിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അധികൃതര്‍ പട്ടിക പുറത്തുവിട്ടത്. ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് 'പെരിയോനേ'യും മത്സരിക്കുന്നത്. എ.ആര്‍.റഹ്‌മാനും റഫീഖ് അഹമ്മദും ചേര്‍ന്നാണ് ഗാനം രചിച്ചിരിക്കുന്നത്. നിലവില്‍ ആടുജീവിതം ഓസ്‌കറില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് സംവിധായകന്‍ ബ്ലെസി. അതേസമയം ചാലഞ്ചേഴ്‌സ്, എമിലിയ പേരെസ്, ബെറ്റര്‍മാന്‍, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്‌സ് ട്രിപ്പിള്‍ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചര്‍ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങള്‍.