'ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല; മകളുമായി പ്രശ്‌നം ഉറങ്ങാന്‍ സാധിച്ചിരുന്നില്ല; എട്ട് ഗുളിക കഴിച്ചു; എന്നിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല; പിന്നീട് പത്ത് ഗുളിക കൂടി കഴിച്ചു; ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല'; കല്‍പ്പന രാഘവേന്ദര്‍
താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍. ഗായിക നിസാംപേട്ടിലെ വസതിയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്തകള്‍ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഉറങ്ങാന്‍ സാധിക്കാത്തതിനാല്‍ അമിതമായി ഉറക്കഗുളിക കഴിച്ചു പോയതാണെന്ന് കല്‍പ്പന പൊലീസിനോട് പറഞ്ഞു.
കല്‍പ്പനയും ഭര്‍ത്താവും അഞ്ച് വര്‍ഷമായി നിസാംപേട്ടിലെ വീട്ടിലാണ് താമസിക്കുന്നത്. തന്റെ മകള്‍ ദയ പ്രസാദിനെ ഹൈദരാബാദില്‍ പഠിപ്പിക്കണമെന്ന് ആയിരുന്നു കല്‍പ്പന ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ മകളും കല്‍പ്പനയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും മാര്‍ച്ച് മൂന്നിന് തര്‍ക്കം നടക്കുകയുമായിരുന്നു.
മാര്‍ച്ച് 4ന് കല്‍പ്പന എറണാകുളത്ത് എത്തിയിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ കാരണം ഗായികയ്ക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. ''എട്ട് ഗുളിക കഴിച്ചിട്ടും ഉറങ്ങാന്‍ സാധിച്ചില്ല. അതുകൊണ്ട് 10 ഗുളിക കൂടി കഴിച്ചു, ബോധരഹിതയായി. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല'' എന്നാണ് കല്‍പ്പന പറയുന്നത്. ഭര്‍ത്താവിന്റെ ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കാതിരുന്നതിനാല്‍ ഭര്‍ത്താവാണ് കോളനി വെല്‍ഫെയര്‍ അംഗങ്ങളെ വിവരമറിയിച്ചത്.
കോളനി അംഗങ്ങളാണ് പൊലീസില്‍ അറിയിക്കുന്നത്. പൊലീസ് എത്തി വാതില്‍ ചവിട്ടിത്തുറന്ന് അബോധാവസ്ഥയിലായിരുന്ന കല്‍പ്പനയെ കണ്ടെത്തുകയായിരുന്നു. ബോധം വന്നതോടെ താന്‍ ആത്മഹത്യ ചെയ്തതല്ല എന്ന് ഗായിക പൊലീസിന് മൊഴി നല്‍കി. കല്‍പ്പന ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല എന്നും ഉറക്കമില്ലാതെ ഗുളികകള്‍ കഴിച്ചതാണെന്നും കല്‍പ്പനയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, മലയാളം, തെലുങ്ക്, തമിഴ് 1500 ഓളം ഗാനങ്ങള്‍ കല്‍പ്പന ആലപിച്ചിട്ടുണ്ട്. അഞ്ചാം വയസ് മുതലാണ് കല്‍പ്പന തന്റെ കരിയര്‍ ആരംഭിച്ചത്. പ്രമുഖ ഗായകരായ ടിഎസ് രാഘവേന്ദ്രയുടെയും സുലോചനയുടെയും മകളാണ് കല്‍പ്പന രാഘവേന്ദര്‍.