ഞാന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവില്‍ പോണോ? ശ്വേത മേനോനെ പിന്തുണച്ച് നടന്‍ ഇര്‍ഷാദ് അലി
ശ്വേത മേനോനെ പിന്തുണച്ച് നടന്‍ ഇര്‍ഷാദ് അലി
കൊച്ചി: നടി ശ്വേത മേനോനെ പിന്തുണച്ച് നടന്‍ ഇര്‍ഷാദ് അലി. ആക്ഷേപ ഹാസ്യ രൂപേണയാണ് ഇര്‍ഷാദ് തന്റെ പ്രതിഷേധം അറിയിച്ചത്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ താന്‍ നിയമനടപടി നേരിടേണ്ടി വരുമോ എന്ന ചോദ്യമുയര്‍ത്തിയാണ് ഇര്‍ഷാദിന്റെ പോസ്റ്റ്. 'ശ്വേത മേനോനൊപ്പം', സെന്‍സര്‍ഷിപ്പ് തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.
സിനിമയില്‍ മുമ്പ് ബലാത്സംഗ രംഗത്തില്‍ അഭിനയിച്ച കാര്യം ഓത്തുകൊണ്ടാണ് ഇര്‍ഷാദിന്റെ കുറിപ്പ്.
ഇര്‍ഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
അറിഞ്ഞിടത്തോളം മീര ജാസ്മിന്‍ ഇപ്പോള്‍ അമേരിക്കയില്‍ ആണെന്ന് കേള്‍ക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല! ഞാന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവില്‍ പോണോ? കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളില്‍ അഭിനയിച്ച് പണം സമ്പാദിക്കുന്നുവെന്ന പേരില്‍ ശ്വേത മേനോനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമത്തിലെ 5, 3 വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കൊണ്ട് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പൊലീസില്‍ നിന്ന് വിവരങ്ങള്‍ തേടാതെ സിജെഎം തിടുക്കത്തില്‍ നടപടി എടുത്തെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു.