'നിന്റെ പൂർവികർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ, എന്‍റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി മരിക്കുകയായിരുന്നു'; വിദ്വേഷ കമൻ്റിട്ടയാൾക്ക് രൂക്ഷ മറുപടിയുമായി ജാവേദ് അക്തർ

Update: 2025-08-16 10:08 GMT

മുംബൈ: സ്വാതന്ത്ര്യദിനാശംസ പോസ്റ്റിന് താഴെ വിദ്വേഷ കമൻ്റിട്ടയാൾക്ക് രൂക്ഷ മറുപടി നൽകി പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. സ്വാതന്ത്ര്യദിനാശംസ പങ്കുവെച്ചുള്ള കുറിപ്പിനു താഴെ, ജാവേദ് അക്തറിനോട് പാകിസ്താന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായിരുന്നു ഒരു എക്‌സ് യൂസറുടെ കമന്റ്. നിന്റെ പൂർവികർ ബ്രിട്ടീഷുകാരുടെ ഷൂ നക്കിക്കൊണ്ടിരുന്നപ്പോൾ എന്റെ പൂർവികർ രാജ്യത്തിനായി മരിക്കുകയായിരുന്നുവെന്നായിരുന്നു ജാവേദിന്റെ മറുപടി.

സമൂഹ മാധ്യമ ഹാൻഡിലായ എക്‌സിൽ പങ്കുവെച്ച സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് സംഭവങ്ങളുടെ തുടക്കം. 'എല്ലാ ഇന്ത്യൻ സഹോദരീസഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ. സ്വാതന്ത്ര്യം തളികയിൽ വെച്ച് നീട്ടി കിട്ടിയതല്ലെന്ന് നമുക്ക് മറക്കാതിരിക്കാം. സ്വാതന്ത്ര്യത്തിനായി ജയിലിൽ പോയവരെയും തൂക്കുമരത്തിലേറിയവരെയും നമുക്ക് സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം. അമൂല്യമായ ഈ സമ്മാനം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കാം' എന്നായിരുന്നു അക്തറിൻ്റെ കുറിപ്പ്.

ഇതിന് താഴെ 'ഗോൽമാൽ' എന്ന വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് പ്രകോപനപരമായ കമൻ്റ് വന്നത്. 'നിങ്ങളുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14-നാണ്' എന്നായിരുന്നു സന്ദേശം. അക്കൗണ്ടിൻ്റെ ബയോയിൽ 'ടെക്നിക്കൽ അസിസ്റ്റൻ്റ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അധിക്ഷേപത്തിന് ശക്തമായ ഭാഷയിലാണ് ജാവേദ് അക്തർ പ്രതികരിച്ചത്. 'മോനേ, നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോൾ എന്റെ പൂർവികർ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കുകയായിരുന്നു' എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

Tags:    

Similar News