'മമ്മൂക്ക വിളിച്ച് അഭിനന്ദിച്ചു, ഋഷഭ് ഷെട്ടി എന്റെ ആരാധകനാണെന്ന് പറഞ്ഞു, ഒരുപാട് സന്തോഷവും അഭിമാനവും'; കാന്താരയുടെ വിജയത്തിൽ പ്രതികരിച്ച് ജയറാം

Update: 2025-10-04 12:56 GMT

ബെംഗളൂരു: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ 'കാന്താര: ചാപ്റ്റർ 1' സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് ജയറാം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലും, ഇതിനോടകം 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതിലും തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

സിനിമ കണ്ടതിന് പിന്നാലെ നടൻ മമ്മൂട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചതായും ജയറാം വ്യക്തമാക്കി. 'കാന്താര' ഒരു ബെഞ്ച്മാർക്ക് സിനിമയാണെന്നും, 1000 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമയുടെ ഭാഗമാകാൻ ഒരു മലയാളിക്ക് കഴിഞ്ഞത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒരുപാട് സന്തോഷം. മമ്മൂക്ക എന്നെ വിളിച്ച് അഭിനന്ദിച്ചു. 'കാന്താര'യിലെ എന്റെ അഭിനയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരുപാട് അഭിമാനം തോന്നുന്നു,' ജയറാം പറഞ്ഞു.

തെന്നിന്ത്യൻ സിനിമയിൽ വൻ വിജയമായി മാറിയ 'കാന്താര'യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയാണ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതെന്നും ജയറാം ഓർത്തെടുത്തു. ഋഷഭ് ഷെട്ടിയും തന്റെ ആരാധകനാണെന്ന് പറഞ്ഞിരുന്നതായും, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നടന്മാരുടെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും ഋഷഭ് ഷെട്ടി തന്നോട് പറഞ്ഞിരുന്നതായി ജയറാം വെളിപ്പെടുത്തി.

'കർണാടകത്തിൽ എത്തിയപ്പോഴാണ് ഈ കഥാപാത്രത്തിന്റെ വലുപ്പം എനിക്ക് മനസിലായത്. സിനിമയുടെ അവസാനം കഥാപാത്രത്തിനുണ്ടാകുന്ന പരിണാമ വളർച്ചയാണ് തന്നെ ഈ സിനിമയിലേക്ക് പരിഗണിക്കാനുള്ള കാരണമെന്ന് ഋഷഭ് ഷെട്ടി വിശദീകരിച്ചു,' ജയറാം കൂട്ടിച്ചേർത്തു.

'കാന്താര'യുടെ വിജയം, സിനിമയോടുള്ള അണിയറ പ്രവർത്തകരുടെ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ജയറാം പ്രശംസിച്ചു. സിനിമയുടെ നിർമ്മാണത്തിനായി എടുത്ത മൂന്ന് വർഷത്തെ കഷ്ടപ്പാട് കണ്ടുപഠിക്കേണ്ടതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Tags:    

Similar News