'ഫ്രം താടി പാപ്പൻ ടു ഷാജി പാപ്പൻ..'; ജയസൂര്യയുടെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; കത്തനാരിൽ നിന്നും പാപ്പനിലേക്ക് പോകാൻ മിനിറ്റുകൾ മാത്രം മതിയെന്ന് ആരാധകർ

Update: 2025-10-17 06:54 GMT

കൊച്ചി: ജയസൂര്യ വീണ്ടും ഷാജിപാപ്പൻ ലുക്കിൽ. ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിത ജയസൂര്യയാണ് നടന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്' എന്ന അടിക്കുറിപ്പോടെയാണ് സരിത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഏതാനും നാളുകളായി നീണ്ട താടിയോടെ ജയസൂര്യ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

'ആട് 3' സിനിമയുടെ ചിത്രീകരണത്തിനായാണ് ജയസൂര്യയുടെ പുതിയ ലുക്ക്. ഷാജി പാപ്പൻ എന്ന കഥാപാത്രത്തിനായി താടി കളയുന്നതിന്റെയും അതിനു ശേഷമുള്ള മാറ്റത്തിന്റെയും ചിത്രങ്ങൾ സരിത പങ്കുവെച്ചിട്ടുണ്ട്. താടി ഉണ്ടായിരുന്ന സമയത്ത് ഭാര്യയും മകളും ചേർന്ന് താടിയിൽ പിടിച്ചിരിക്കുന്ന രസകരമായ ചിത്രങ്ങളും, ഷാജി പാപ്പൻ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

'ആട് 3' സിനിമയുടെ ലൊക്കേഷനിലേക്ക് ഷാജി പാപ്പൻ രൂപത്തിൽ ജയസൂര്യയെത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയസൂര്യ വീണ്ടും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷാജി പാപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ആട്' ആദ്യ രണ്ട് ഭാഗങ്ങളും പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളാണ്.

'ആട് 3'യുടെ നിർമ്മാണം ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയും സംയുക്തമായി നിർവ്വഹിക്കുന്നു. ജയസൂര്യയെ കൂടാതെ വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം മാർച്ചിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News