'ദൃശ്യം 3' ഒരു സാധാരണ സിനിമ, പ്രേക്ഷകർ അമിത പ്രതീക്ഷയോടെ വരരുത്'; ദൃശ്യം ത്രില്ലറല്ല ഫാമിലി ഡ്രാമയെന്ന് ആവർത്തിച്ച് സംവിധായകൻ ജീത്തു ജോസഫ്
കൊച്ചി: മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ പൂജ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ നടന്നു. പൂത്തോട്ട ലോ കോളേജിലാണ് ചടങ്ങുകൾ നടന്നത്. മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 'ദൃശ്യം 3' ഒരു സാധാരണ സിനിമയാണെന്നും പ്രേക്ഷകർ അമിത പ്രതീക്ഷയോടെ വരേണ്ടതില്ലെന്നും സംവിധായകൻ ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജോർജ്ജുകുട്ടിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും ഇപ്പോഴത്തെ അവസ്ഥയും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വണ്ണിന്റെ മുകളിൽ ടു, ടുവിന്റെ മുകളിൽ ത്രീ എന്ന നിലയിലുള്ള സിനിമയല്ല താൻ ലക്ഷ്യമിടുന്നതെന്നും, നാലര വർഷങ്ങൾക്ക് ശേഷം ജോർജ്ജുകുട്ടിയുടെ കുടുംബത്തിൽ സംഭവിക്കാവുന്ന കാര്യങ്ങളാണ് പറയുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ ആകാംക്ഷയെ സിനിമയ്ക്ക് പ്രചോദനമാക്കാം, എന്നാൽ സിനിമയെ ഒരു ഫാമിലി ഡ്രാമയായാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിനെക്കുറിച്ചും ജീത്തു ജോസഫ് സന്തോഷം പ്രകടിപ്പിച്ചു. ഇത് ഇരട്ടി മധുരമാണെന്നും, സിനിമക്ക് പുറമെ സാംസ്കാരിക രംഗത്തും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതാണ് ഈ പുരസ്കാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഹൻലാലിനെ പോലുള്ള പ്രതിഭകൾക്ക് ഇത്തരം അംഗീകാരങ്ങൾ ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.