'പ്രിയപ്പെട്ട മമ്മൂക്കാ.. അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു'; ഹൃദയസ്പർശിയായ കുറിപ്പുമായി ജോൺ ബ്രിട്ടാസ്

Update: 2025-08-19 10:33 GMT

കൊച്ചി: ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുകാലമായി അഭിനയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന പ്രശസ്ത നടൻ മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായി സിനിമാരംഗത്തേക്ക് മടങ്ങിയെത്തുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് ഉൾപ്പെടെ ചലച്ചിത്ര ലോകത്തെ പ്രമുഖർ ആശ്വാസവും സന്തോഷവും രേഖപ്പെടുത്തി.

'പ്രിയപ്പെട്ട മമ്മൂക്കാ, ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട്,' എന്ന് കുറിച്ചുകൊണ്ട് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചു. 'ആത്മവിശ്വാസത്തിന്റെ പാറമേൽ ഉറച്ചുനിന്നു തലയുയർത്തും. അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് നടി മാലാ പാർവതിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ നിർമ്മാതാക്കളായ എസ്. ജോർജ്, ആന്റോ ജോസഫ്, സംവിധായകരായ റത്തീന, ജൂഡ് ആന്തണി ജോസഫ്, നടൻ രമേഷ് പിഷാരടി തുടങ്ങി നിരവധി പേർ അദ്ദേഹത്തിന്റെ മടങ്ങിവരവിൽ ആഹ്ലാദം പ്രകടിപ്പിച്ചു.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ സിനിമയുടെ പുതിയ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനുപുറമെ, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Similar News