പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്‌നേഹബന്ധമായി മാറട്ടെയെന്ന് മോഹന്‍ലാല്‍; 'കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല'; നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി... എന്ന് ജൂഡ് ആന്റണി ജോസഫ്
നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി... എന്ന് ജൂഡ് ആന്റണി ജോസഫ്
ചെന്നൈ: ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മകള്‍ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. 'തുടക്കം' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്.
''പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്‌നേഹബന്ധമായി മാറട്ടെ'', തുടക്കത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തങ്ങളില്‍ നിന്ന് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാലിന്റെ ഒരു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആയിരിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതിയിരുന്നത്. മോഹന്‍ലാല്‍ ചിത്രം തുടരും നേടിയ വന്‍ വിജയത്തിന് പിന്നാലെ മകളുടെ സിനിമാ അരങ്ങേറ്റ ചിത്രത്തിന്റെ പേര് തുടക്കം എന്നായതും കൗതുകമാണ്.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.
ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലാണ് പുറത്തെത്തിയത്.
അതേസമയം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 2018 അടക്കമുള്ള ജനപ്രിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. വിസ്മയ മോഹന്‍ലാലിനെ താന്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് ജൂഡ് ആന്റണി ജോസഫ് പ്രതികരിച്ചു. തുടക്കം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് എഴുതിയ കുറിപ്പിലാണ് അദ്ദേഹം സന്തോഷം പങ്കുവെയ്ക്കുന്നത്. ഇതൊരു നിയോഗമായി കാണുന്നുവെന്നാണ് ജൂഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി... കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ''ആന്റണി -ജൂഡ് 'തുടക്ക'മാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ...' ജൂഡിന്റെ വാക്കുകള്‍ ഇങ്ങനെ. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം.