'എന്താ മോനെ ദിനേശാ'; തോൾ ചരിച്ച് മോഹൻലാലിന്റെ ഡയലോഗ് അനുകരിച്ച് കജോൾ; കയ്യടിച്ച് സോഷ്യൽ മീഡിയ
മുംബൈ: വലിയ ഹൈപ്പോടെയെത്തിയ പൃഥ്വിരാജ്, കജോൾ ചിത്രമായിരുന്നു 'സർസമീൻ'. കയോസ് ഇറാനിസംവിധാനം ചെയ്ത ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ നടി കജോളിനെകൊണ്ട് പൃഥ്വിരാജ് മലയാളം പറയിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നരസിംഹത്തിലെ മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് കജോളിനെക്കൊണ്ട് പൃഥ്വിരാജ് പറയിപ്പിക്കുന്നതാണ് വീഡിയോ. 'എന്താ മോനെ ദിനേശാ' ആണ് തോൾ ചരിച്ച് പൃഥ്വിരാജ് കാജോളിന് അനുകരിച്ച് കാണിക്കുന്നുണ്ട്. ഇതിന് ശേഷം ലാലേട്ടൻ സ്റ്റൈലിൽ കജോൾ രസകരമായി ഡയലോഗ് അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഡയലോഗ് പറഞ്ഞതോടെ തന്റെയും കേരളത്തിലെ എല്ലാ മോഹൻലാൽ ആരാധകരുടെയും ഗുഡ് ബുക്സിൽ നടി ഇതോടെ കയറിപറ്റിയെന്നും പൃഥ്വിരാജ് കജോളിനോട് പറയുന്നുണ്ട്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സർസമീൻ സ്ട്രീം ചെയ്യുന്നത്. വലിയ പ്രതീക്ഷയോടെയെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ജമ്മു കാശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം പരസ്പര സ്നേഹത്തിനും രാജ്യത്തോടുള്ള കടമയ്ക്കും ഇടയിൽ കുടുങ്ങിയ ഒരു കുടുംബത്തെ കഥയാണ് പറയുന്നത്. പൃഥ്വിരാജിന്റെ മകനായാണ് ഇബ്രാഹിം വേഷമിടുന്നത്. കരൺ ജോഹർ ആണ് നിർമാണം. സൗമിൽ ശുക്ലയും അരുൺ സിങും ചേർന്നാണ് തിരക്കഥ. പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഇബ്രാഹിമിന്റെ രണ്ടാം ചിത്രമാണിത്.