'ഇത് വെറുമൊരു പരസ്യചിത്രമല്ല, മലയാളികളുടെ ഗൃഹാതുരത്വത്തിലേക്കുള്ള തിരിച്ചുപോക്ക്'; ആനവണ്ടിക്കൊപ്പം ലാലേട്ടനും പ്രിയനും; ആ വിഡിയോ സിനിമയുടേതല്ല; വെളിപ്പെടുത്തി ഗണേഷ് കുമാർ

Update: 2026-02-12 09:59 GMT

തിരുവനന്തപുരം: നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും കെ.എസ്.ആർ.ടി.സി.യുടെ പുതിയ പരസ്യചിത്രത്തിനായി ഒന്നിച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇരുവരും ഒരു കെ.എസ്.ആർ.ടി.സി. ബസ്സിൽ ഒരുമിച്ചുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഉയർന്ന അഭ്യൂഹങ്ങൾക്കാണ് മന്ത്രിയുടെ വെളിപ്പെടുത്തലോടെ അവസാനമായത്.

മോഹൻലാൽ കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്ര ചെയ്യുന്നതും പ്രിയദർശൻ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രിയദർശന്റെ നൂറാമത്തെ സിനിമയിൽ മോഹൻലാൽ നായകനാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ, ഈ ചിത്രീകരണം പുതിയ സിനിമയുടേതാണോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. എന്നാൽ, പ്രചരിച്ച വിഡിയോ കെ.എസ്.ആർ.ടി.സി.യുടെ പുതിയ പരസ്യചിത്രീകരണത്തിന്റെ ഭാഗമായിരുന്നുവെന്ന് മന്ത്രി തന്റെ സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സി.യുടെ ഗുഡ്‌വിൽ അംബാസഡർ കൂടിയായ മോഹൻലാൽ അഭിനയിച്ച ഈ പരസ്യചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. തൊടുപുഴയിലാണ് ചിത്രീകരണം നടന്നത്. "കെ.എസ്.ആർ.ടി.സി.യുടെ ഗുഡ്‌വിൽ അംബാസഡറായ നമ്മുടെ സ്വന്തം മോഹൻലാൽ കെ.എസ്.ആർ.ടി.സി.യുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. പ്രിയദർശന്റെ സംവിധാനത്തിലാണ് പരസ്യചിത്രം ചിത്രീകരിച്ചിരിക്കുന്നത്," മന്ത്രി കുറിച്ചു.

ഇതൊരു വെറും പരസ്യചിത്രമല്ലെന്നും മലയാളികളുടെ ഗൃഹാതുരത്വത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടായ മോഹൻലാൽ-പ്രിയദർശൻ ടീം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ആനവണ്ടിക്കൊപ്പം ചേരുമ്പോൾ, അത് ഓരോ മലയാളിയുടെയും ഉള്ളുതൊടുന്ന ദൃശ്യവിരുന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News