'വണ്ടി തരാം, പക്ഷേ ഞാൻ തന്നെ ഓടിക്കും'; രണ്ട് പേരെ കൂളിങ് ഗ്ലാസ് വച്ചിട്ടുള്ളൂ, ഒന്ന് എന്റെ അച്ഛനും മറ്റേത് പൃഥ്വിരാജും; 'സോചപ്പൻ' പാട്ടിന് പറയാനുള്ള ആ 'യമഹക്കഥ'; കുറിപ്പുമായി മീനാക്ഷി
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനായ 'കലണ്ടർ' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനരംഗത്തിൽ പൃഥ്വിക്കൊപ്പം ബൈക്ക് ഓടിച്ചു വരുന്നവരിൽ ഒരാൾ തന്റെ അച്ഛനാണെന്ന വെളിപ്പെടുത്തലുമായി നടി മീനാക്ഷി. ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഗാനമാണ് കലണ്ടറിലെ പച്ചവെള്ളം ടച്ചിന് സോജപ്പന്‍ എന്ന ഗാനത്തെ കുറിച്ചായിരുന്നു മീനാക്ഷി പറഞ്ഞത്. അന്ന് കോട്ടയത്തെ ആദ്യത്തെ R15 ബൈക്കുകളിൽ ഒന്ന് മീനാക്ഷിയുടെ അച്ഛന്റേതായിരുന്നു.
ഷൂട്ടിംഗിനായി വണ്ടി ചോദിച്ചപ്പോൾ മറ്റാരെയും ഓടിക്കാൻ അനുവദിക്കില്ലെന്ന നിബന്ധനയോടെ അച്ഛൻ തന്നെയാണ് ക്യാമറയ്ക്ക് മുന്നിൽ ബൈക്ക് ഓടിച്ചതെന്ന് മീനാക്ഷി പറയുന്നു. സീനിൽ പൃഥ്വിരാജിനെ കൂടാതെ സൺഗ്ലാസ് വെച്ച് ബൈക്ക് ഓടിക്കുന്നത് തന്റെ അച്ഛനാണെന്ന് താരം അഭിമാനത്തോടെ പങ്കുവെച്ചു. ആ പഴയ ബൈക്ക് ഇന്നും പെയിന്റ് പോലും മങ്ങാതെ മീനാക്ഷിയുടെ വീട്ടിലുണ്ട്.
താൻ ചെറുപ്പത്തിൽ ഈ ബൈക്ക് ഓടിച്ചത് വലിയ വാർത്തയായിരുന്നുവെന്നും താരം ഓർമ്മിക്കുന്നു. അച്ഛന്റെ സിനിമയോടുള്ള താൽപ്പര്യമാണ് മീനാക്ഷിയെയും അനിയൻ ആരിഷിനെയും (കള, കടുവ ഫെയിം) അഭിനയരംഗത്തേക്ക് എത്തിച്ചത്. ഇന്നും ആ പഴയ ബൈക്ക് സൗഹൃദങ്ങൾ അച്ഛൻ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും മീനാക്ഷി കുറിച്ചു.
മീനാക്ഷി അനൂപിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
'ഒരു യമണ്ടൻ യമഹക്കഥ'
ഈ ഫോട്ടോയിൽ കാണുന്ന R 15 റെഡ് ബൈക്കിൽ ഒരെണ്ണം എൻ്റെ അച്ഛൻ്റേതാണ്... അച്ഛനീ കഥ ഇടയ്ക്ക് പറയാറുണ്ട് .. അച്ഛനാണെങ്കിൽ ബൈക്ക് പ്രാന്തൻ ന്ന് പറഞ്ഞാ കുറഞ്ഞ് പോവും കൊച്ചച്ഛനും മോശമല്ല... പറഞ്ഞ ബൈക്ക് ഇപ്പഴും എൻ്റെ വീടിൻ്റെ മുൻവശത്ത് തന്നെയുണ്ട് .. അന്നത്തേപ്പോലെ പെയിൻ്റ് പോലും മങ്ങിയിട്ടില്ല... ഒരു ടച്ചിൽ തന്നെ ക്വിക്ക് സ്റ്റാർട്ട്... ഇപ്പഴും പൊന്നുപോലെ നോക്കുന്നു .. ഞാൻ കുറച്ച് കൂടി ചെറുതായിരുന്നപ്പോൾ ഈ ബൈക്ക് വീടിൻ്റെ മുറ്റം വഴി ഓടിച്ചതിന് കേസ് പോലും വന്നിരുന്നു... യൂ ട്യൂബിൽ baby meenakshi bike ride ന്നൊക്കെ കൊടുത്താ കിട്ടും ... അച്ചൻ പറത്തിട്ടുള്ളത് ഈ സിനിമയെപ്പറ്റി ഈ സിനിമയ്ക്കു വേണ്ട R 15 കൾ അന്ന് കുറവായിരുന്നു .. കോട്ടയം ഷോറൂമിൽ നിന്ന് അന്ന് കളത്തിപ്പടിയിൽ നിന്ന് കോട്ടയത്തെ ആദ്യ വണ്ടികളിലൊന്ന് അച്ഛൻ സംഘടിപ്പിച്ചിരുന്നു..
വീട്ടിൽ ആള് വന്നു വണ്ടിയൊന്ന് വേണം ഷൂട്ടിങ്ങിന് പൃഥ്വിരാജിൻ്റെ സിനിമയാണ് പക്ഷെ അച്ചൻ ബൈക്ക് കൊടുക്കാൻ തയാറല്ല അന്നത്തെ സർവ്വീസ് സൂപ്പർവൈസർ ഫിലിപ്പ് ചേട്ടനുമായി അച്ഛൻ നല്ല അടുപ്പമായിരുന്നു...ആള് വല്ലാണ്ട് നിർബന്ധിച്ച് ഒരു പോറൽ പോലും ഏല്ക്കില്ല എന്നു പറഞ്ഞാണ് സംഗതി കൊണ്ടുപോയത് .. ഇതൊക്കെയാണെങ്കിലും ബൈക്ക് ആവശ്യപ്പെട്ടപ്പോൾ ഒരു കണ്ടീഷനുണ്ടായിരുന്നു. ബൈക്ക് വേറൊരാൾക്ക്. കൈമാറി ഓടിക്കാൻ കൊടുക്കില്ലന്ന് ഇതിലെ ബൈക്കുകൾ എല്ലാം തന്നെയും അതിൻ്റെ ഉടമസ്ഥർ തന്നെയാണ് ഓടിച്ചിട്ടുള്ളത് അന്ന് വളരെ കുറച്ച് R 15 കൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ... ഇപ്പോൾ ഇതിലെ പാട്ട് വൈറലായി
4Kയിൽ ഉണ്ടല്ലോ (FILM കലണ്ടർ ) സീനിൽ ബൈക്കിൽ വരുന്നവരിൽ രണ്ട് പേരാണ് സൺഗ്ലാസ്സ് വെച്ചിട്ടുള്ളത് ഒന്ന് എൻ്റെ അച്ഛൻ മറ്റെയാൾ പൃഥിരാജും ... അച്ഛൻ്റെ സിനിമയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ് ഞാനും എൻ്റെ അനിയനും ( കടുവ ..കള ഫെയിം ആരിഷ് അനൂപ്) ഇന്നും സിനിമയിൽ നില്ക്കുന്നത് ഇന്നും അന്നത്തെ R 15 ബന്ധങ്ങൾ അച്ഛൻ സൂക്ഷിക്കുന്നു... ഒരു തിരുവല്ലാക്കാരൻ അലക്സ് (Parekadavil paints , Eraviperoor) ചേട്ടനുൾപ്പെടെ ഈ വകയിൽ ഞാനും കൂട്ടാണ് .അന്ന് കളത്തിപ്പടി സർവ്വീസ് സെൻററിൽ ഉണ്ടായിരുന്ന അച്ഛൻ്റെ ഭാഷയിൽ കമ്പനി ട്രെയിനിംഗ് കിട്ടിയ പ്രശാന്ത് ചേട്ടനാണ് ഇപ്പോഴും ഞങ്ങടെ ബൈക്കിൻ്റെ ഔദ്യോഗിക മെക്കാനിക്ക് ആൾക്ക് കോട്ടയം കുമരകം റൂട്ടിൽ കഞ്ഞിരം ജെട്ടി പാലത്തിനടിയിൽ ദിയ ഓട്ടോ മൊബൈൽ എന്നൊരു വർക്ക്ഷോപ്പുമുണ്ട്.. ബൈക്ക് പ്രാന്തി കൂടിയായ ഞാൻ പറഞ്ഞു വരുമ്പൊ... ഈ യമഹ R 15 എൻ്റെയും പ്രിയപ്പെട്ടവനാണ് ഇവിടുണ്ട് ... പ്രിയപ്പെട്ട സ്റ്റാറായി രാജു അങ്കിളും എൻ്റൊപ്പം വന്നു.. രണ്ട് പേരും എന്നും എപ്പോഴും എനിക്കും പ്രിയപ്പെട്ടർ....
