കാളിദാസിന് കൂട്ടായി തരിണി; ഗുരുവായൂരില്‍ വച്ച് തരിണിയെ താലി ചാര്‍ത്തി കാളിദാസ്; കൈ പിടിച്ച് കൊടുത്ത് ജയറാം; വിവാഹത്തില്‍ പങ്കെടുത്ത് മന്ത്രി മുഹമ്മദ് റിയാസും സിനിമ രംഗത്തെ പ്രമുഖരും

Update: 2024-12-08 03:15 GMT

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായര്‍ ആണ് വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.

ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്‌റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. മുല്ലപ്പൂ കൂടി ചൂടി കൂടുതല്‍ സുന്ദരിയായിരുന്നു വധു.

കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.

ഇരുവരുടെയും പ്രീ വെഡിങ് വിരുന്ന് ചെന്നൈയില്‍ ഇന്നലെ നടന്നിരുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള മാധ്യമപ്രവര്‍ത്തകരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ലണ്ടനില്‍ നിന്ന് ജയറാമിന്റെ മകള്‍ മാളവികയും ഭര്‍ത്താവ് നവീനും പ്രീ വെഡിങ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്റ്റംബര്‍ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിന്റേയും പാര്‍വ്വതിയുടേയും വിവാഹം. ഗുരുവായൂര്‍ കണ്ട റെക്കോര്‍ഡ് തിരക്കുള്ള താരവിവാഹമായിരുന്നു അത്.

Tags:    

Similar News