'കങ്കണ റണാവത്ത് മാപ്പ് പറഞ്ഞു'; മാനനഷ്ടക്കേസ് പിന്‍വലിക്കുന്നതായി ജാവേദ് അക്തര്‍; ബാന്ദ്രയിലെ കോടതി മുമ്പാകെ ഒത്തുതീര്‍പ്പ്

'കങ്കണ റണാവത്ത് മാപ്പ് പറഞ്ഞു'; മാനനഷ്ടക്കേസ് പിന്‍വലിക്കുന്നതായി ജാവേദ് അക്തര്‍; ബാന്ദ്രയിലെ കോടതി മുമ്പാകെ ഒത്തുതീര്‍പ്പ്

Update: 2025-02-28 12:14 GMT

മുംബൈ: ഒരിടയ്ക്ക് സൈബറിടത്തില്‍ ഇരുവരും തമ്മില്‍ കങ്കണ റണാവത്തും ജാവേദ് അക്തറും തമ്മില്‍ പരസ്പ്പരം പോരടിച്ചാണ് മുന്നോട്ടു പോയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കി. ഈ വിഷയത്തില്‍ അഞ്ച് വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ഒടുവില്‍ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി.

വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലെ മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ഒത്തുതീര്‍പ്പ് നടത്തിയത്. പ്രശ്‌നങ്ങള്‍ തീര്‍ന്നതായി കങ്കണ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചു. പരസ്പരം നല്‍കിയ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ ജാവേദ് അക്തറും കങ്കണ റണാവത്തും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

'ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, കാര്യങ്ങള്‍ ഒടുവില്‍ പരിഹരിച്ചു. എനിക്കുണ്ടായ എല്ലാ അസൗകര്യങ്ങള്‍ക്കും അവര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഞാന്‍ കേസ് പിന്‍വലിക്കും' -കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ജാവേദ് അക്തര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും തന്റെ അടുത്ത സിനിമക്കായി അദ്ദേഹം ഗാനങ്ങള്‍ എഴുതാന്‍ സമ്മതിച്ചതായും കങ്കണ അറിയിച്ചു.

2016 മാര്‍ച്ചില്‍ ജാവേദ് അക്തറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ച മുതലാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. ഒരു സഹനടനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജാവേദ് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കങ്കണ അവകാശപ്പെട്ടിരുന്നു. 2020-ല്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കങ്കണക്കെതിരെ ജാവേദ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്.

Tags:    

Similar News