അമ്മയുടെ വിവാഹ സാരിയാണ് വിവാഹദിനത്തില്‍ ഞാന്‍ ധരിച്ചത്; ഇത് യാദൃശ്ചികമായി സംഭവിച്ചതാണ്; ചുവന്ന വിവാഹ സാരിയുടെ കഥ പറഞ്ഞ് കീര്‍ത്തി സുരേഷ്
ചുവന്ന വിവാഹ സാരിയുടെ കഥ പറഞ്ഞ് കീര്‍ത്തി സുരേഷ്
കൊച്ചി: തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന നടിയായ കീര്‍ത്തി സുരേഷിന്റെ വിവാഹം നടന്നത് അടുത്തിടെയാണ്. പോയവര്‍ഷം ഡിസംബര്‍ 12 ആയിരുന്നു കീര്‍ത്തിയുടേയും ദീര്‍ഘകാല സുഹൃത്ത് ആന്റണി തട്ടിലിന്റേയും വിവാഹം. ഹിന്ദു- ക്രിസ്ത്യന്‍ ആചാര പ്രകാരം ഗോവയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
കീര്‍ത്തിയുടെ വിവാഹ സാരികള്‍ ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. രണ്ട് സാരികളായിരുന്നു നടി വിവാഹത്തിന് അണിഞ്ഞത്. അതില്‍ ഒരു സാരി അമ്മ മേനകയുടെ വിവാഹസാരിയായിരുന്നു. അടുത്തിടെ നല്കിയ അഭിമുഖത്തില്‍ കീര്‍ത്തി തന്നെയാണ് സാരിയുടെ കഥ വെളിപ്പെടുത്തിയത്.
'അമ്മയുടെ വിവാഹ സാരിയാണ് വിവാഹദിനത്തില്‍ ഞാന്‍ ധരിച്ചത്. ഇത് നേരത്തെ തീരുമാനിച്ചതല്ല,യാദൃശ്ചികമായി അങ്ങനെ സംഭവിച്ചതാണ്.പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രേ മനോഹരമായ സാരിയില്‍ മിനുക്കു പണികള്‍ ചെയ്തു തന്നു. വളരെ മനോഹരമായിരുന്നു അനിതയുടെ വര്‍ക്ക്.
ആദ്യം ആന്റണിയുടെ വീട്ടുകാര്‍ നല്കിയ സാരി ധരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അധികം സാരികള്‍ വേണമായിരുന്നു. അങ്ങനെ അമ്മയുടെ അലമാര പരിശോധിക്കുമ്പോഴാണ് ചുവന്ന സാരി കണ്ണില്‍പ്പെടുന്നത്. അപ്പോള്‍ തന്നെ അമ്മയുടെ അനുവാദത്തോടെ ആ സാരി എടുക്കുകയായിരുന്നു'- കീര്‍ത്തി സുരേഷ് പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് കീര്‍ത്തി സാരിക്കൊപ്പം അണിഞ്ഞത്.